തൊടുപുഴ: നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിലുണ്ടായത് കോലീബി സഖ്യമാണെന്ന് എൽ.ഡി.എഫ് ആരോപിക്കുമ്പോൾ കൂറുമാറ്റത്തിനെതിരായ ജനവിധിയാണെന്ന് യു.ഡി.എഫ് പറയുന്നു. മത്സരിച്ച് മതേതര രാഷ്ട്രീയപാർട്ടിയെന്ന പറഞ്ഞ് വോട്ട്പിടിച്ച ശേഷം യു.ഡി.എഫ് ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. എല്ലാ സീറ്റിലേക്കും യു.ഡി.എഫും ബി.ജെ.പിയും ഒറ്റക്കെട്ടായി മത്സരിക്കുന്ന കാഴ്ചയാണ് കണ്ടത്. സ്റ്റാൻഡിംഗ് കമ്മിറ്റികൾ നഷ്ടമായത് നഗരസഭയുടെ സുഗമമായ ഭരണത്തെ ബാധിക്കില്ലെന്നും സനീഷ് പറഞ്ഞു.
അതേസമയം സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ കൂറുമാറ്റക്കാർക്കെതിരായിട്ടുള്ള ജനവിധിയാണുണ്ടായതെന്ന് പ്രതിപക്ഷ കൗൺസിലർമാരായ അഡ്വ. ജോസഫ് ജോണും കെ. ദീപക്കും പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമില്ല. 35 കൗൺസിലർമാർക്കും ഏതെങ്കിലും ഒരു സമിതിയിൽ അംഗമായിരിക്കണമെന്നാണ് ചട്ടം. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലഭിച്ചത് യു.ഡി.എഫിനാണ്. എന്നിട്ടും കൂറുമാറ്റത്തിലൂടെയാണ് എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. ജനവിധി അട്ടിമറിച്ചവർക്ക് ധാർമ്മികത പറയാൻ അവകാശമില്ല. 2015 ൽ നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ നടന്ന അതേ രീതിയിൽ തന്നെയാണ് ഇത്തവയും തിരഞ്ഞെടുപ്പ് നടന്നത്. ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ആരുമായും സഖ്യത്തിൽ ഏർപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങളുടെ മുന്നിൽ വച്ച വാഗ്ദാനങ്ങൾ പാലിക്കാൻ യു.ഡി.എഫിന് ആവുന്നത് എല്ലാം ചെയ്യും. അതിന് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ യു.ഡി.എഫ് നേതൃത്വം നൽകേണ്ടത് ആവശ്യമാണെന്നും ഇരുവരും പറഞ്ഞു.