തൊടുപുഴ: 2015ലെ ഭരണസമിതിയിലേക്കുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ രണ്ട് വനിതാ അംഗങ്ങൾക്ക് ബി.ജെ.പി വോട്ട് ചെയ്തിരുന്നു. മിനിമധു, വിക്ടോറിയ ഷേർളിമെന്റിസ് എന്നിവർക്കാണ് ബി.ജെ.പിയുടെ വോട്ട് ലഭിച്ചത്. എന്നാൽ, ഇരുവരും അന്ന് തന്നെ സ്ഥാനം രാജിവച്ചു. എന്നാൽ, എല്ലാ കൗൺസിലർമാരും ഒരു സ്റ്റാൻഡിങ് കമ്മിറ്റിയിലെങ്കിലും ഉൾപ്പെടണമെന്ന് നിർബന്ധമുള്ളതിനാൽ ഇവർ വീണ്ടും ഇതേ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, എൽ.ഡി.എഫ് ബി.ജെ.പി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തിരുന്നില്ല. എൽ.ഡി.എഫ്- ബി.ജെ.പി. ബന്ധമാണ് ഈ സംഭവത്തിലൂടെ വെളിപ്പെട്ടതെന്ന് അന്ന് യു.ഡി.എഫ്. ആരോപിച്ചിരുന്നു. എന്നാൽ, തങ്ങളുടെ അറിവോടെയല്ല ബി.ജെ.പി വോട്ട് ചെയ്തതെന്നാണ് എൽ.ഡി.എഫ് അന്ന് വ്യക്തമാക്കിയത്.