theft
മോഷണം നടന്ന മറയൂർ മൈക്കിൾഗിരി എൽ.പി സ്‌കൂളിൽ വിരലടയാള വിദഗ്ദ്ധ പരിശോധന നടത്തുന്നു

മറയൂർ: മൈക്കിൾഗിരി സെന്റ് മൈക്കിൾസ് എൽ.പി സ്‌കൂളിൽ നിന്ന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും മോഷണം പോയി. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. പ്രധാന അദ്ധ്യാപികയുടെ മുറിയിൽ നിന്ന് ഒരു കമ്പ്യൂട്ടർ മോണിറ്ററും അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ശിൽപവും വിദ്യാർത്ഥികൾക്കായുള്ള കമ്പ്യൂട്ടർ മുറിയിൽ നിന്ന് ഒരു മോണിറ്ററും പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളുമാണ് മോഷണം പോയത്. വാതിലിന്റെ പൂട്ട് തകർത്താണ് അകത്ത് കടന്നിരിക്കുന്നത്. മറയൂർ എസ്‌.ഐ എം. ഷമീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡുമെത്തി പരിശോധന നടത്തി. രണ്ടാഴ്ചയ്ക്ക് മുമ്പും ഈ സ്‌കൂളിലും സ്‌കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന പോസ്റ്റ്ആഫീസിലും മോഷണ ശ്രമം നടന്നിരുന്നു. അന്ന് പോസ്റ്റ് ആഫീസിൽ നിന്ന് ഒന്നും തന്നെ മോഷണം പോയിരുന്നില്ലെങ്കിലും സ്‌കൂൾ പ്രധാന അദ്ധ്യാപികയുടെ മുറിയിൽ നിന്ന് ചെറിയ തുക നഷ്ടമായിരുന്നു. സ്‌കൂൾ വളപ്പിലും സമീപ പ്രദേശങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ ശല്യം അതിരൂക്ഷമാണെന്നും പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ട്രീസ പോൾ പറഞ്ഞു. വെള്ളിയാഴ്ച സമീപത്തെ വീടുകളിൽ നിന്ന് ആടുകളും വാട്ടർ പമ്പുകളും മോഷണം പോയിരുന്നു.