പീരുമേട്: ഏലപ്പാറ വില്ലേജ് ആഫീസിന്റെ പരിധിയിൽ നല്ലതണ്ണിയിൽ സ്വകാര്യ വ്യക്തി സർക്കാർ ഭൂമി കൈയേറിയത് റവന്യൂ അധികൃതർ ഒഴിപ്പിച്ചു. വാഗമൺ നല്ലതണ്ണിയിൽ വിജയകുമാർ കൈയേറിയ ഭൂമിയാണ് പീരുമേട് തഹസിൽദാരുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചത്. സർവേ നമ്പർ 212/1ൽ ഉൾപ്പെട്ട നാലേക്കർ ഭൂമിയിൽ വേലിക്കെട്ടി തിരിച്ച് കൃഷി ചെയ്തുവരികയായിരുന്നു. ഇതിൽ അവിടെവിടായി ഏലവും കുഴിച്ച് വെച്ചിരുന്നു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 30 ഏക്കർ ഭൂമിയിലാണ് നാല് ഏക്കർ കൈയേറിയത്. കൈയേറിയ ഭൂമിക്ക് പട്ടയത്തിനായി പീരുമേട് സ്‌പെഷ്യൽ തഹസിൽദാറിന് അപേക്ഷ സമർപ്പിച്ചിരുന്നു.
റവന്യൂ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ ഈ ഭൂമി സർക്കാരിന്റേതാണന്നും ഇവിട കൃഷിയില്ലന്നും താമസമില്ലെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് എൽ.എ തഹസിൽദാർ പട്ടയപേക്ഷ മരവിപ്പിച്ചു. ഇതോടെ വിജയകുമാർ ആർ.ടി.ഒയ്ക്ക് അപ്പീൽ നൽകി. ആർ.ടി.ഒയുടെ പരിശോധനയിലും ഇത് കൈയേറ്റഭൂമിയാണന്ന് കണ്ടെത്തി.
കളക്ടർ എച്ച്. ദിനേശന്റെ ഉത്തരവിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കിയത്. നാല് ഏക്കർ സ്ഥലം ഒഴിപ്പിച്ചെടുത്തതോടെ 30 ഏക്കർ ഭൂമി സർക്കാർ ആവശ്യത്തിന് ഉപയോഗിക്കാനാകും. താലൂക്ക് ഡെപ്യൂട്ടി തഹസീൽദാരായ അനിൽകുമാർ, ദീപ, റോസമ്മ, വില്ലേജ് ഓഫീസർ ബീനാമ്മ തുടങ്ങിയ ഉദ്യോഗസ്ഥരും നടപടിയിൽ പങ്കെടുത്തു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കുമെന്ന് പീരുമേട് തഹസിൽദാർ എം.കെ. ഷാജി പറഞ്ഞു. ഭൂമിയുടെ തുടർ ഉപയോഗം സംബന്ധിച്ച് കളക്ടറുടെ നിർദേശ പ്രകാരം നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.