തൊടുപുഴ: മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മുസ് ളിംലീഗിന് ബിജെപിയുമായി യൊതൊരു ബന്ധവുമില്ലന്ന് ലീഗ് തൊടുപുഴ മുനിസിപ്പൽ കമ്മിറ്റി അറിയിച്ചു.
അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ലീഗ് ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ല. ബിജെപിക്ക് വോട്ട് ചെയ്യുകയുമില്ല. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ വിജയിച്ചാൽ തൽസ്ഥാനം ലീഗ് രാജിവയ്ക്കും. യുഡിഎഫിന്റെ നയവും ഇതു തന്നെയാണ്.
2015ൽ ബിജെപിയുമായി കൂട്ടുചേർന്ന് സിപിഎം സ്റ്റാന്റിംഗ് കമ്മിറ്റികൾ സ്വന്തമാക്കിയിരുന്നു. ഇത്തവണയും ബിജെപിയുമായി കൂട്ടുചേരാൻ ചർച്ചകൾ നടത്തിയ സിപിഎം യുഡിഎഫിന് മേൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
ലീഗ് സ്വതന്ത്രയായി വിജയിച്ച ഒമ്പതാം വാർഡ് കൗൺസിലറെ ചെയർമാൻ തെരഞ്ഞെടുപ്പിൽ കൂറുമാറ്റി അവിശുദ്ധ രാഷ്ട്രീയ ബന്ധത്തിലൂടെ അധികാരത്തിലെത്തിയ സിപിഎം ജാള്യത മറയ്ക്കാൻ കുപ്രചാരണങ്ങൾ നടത്തുകയാണന്ന് പ്രസിഡന്റ് എം.എ കരിം, ജന.സെക്രട്ടറി അഡ്വ. സി കെ ജാഫർ എന്നിവർ പറഞ്ഞു.