തൊടുപുഴ: ഇപ്പോഴത്തെ കൂട്ട്കെട്ട് വരാനിരിക്കുന്ന രാഷ്ട്രീയമാറ്റങ്ങൾക്ക് മുന്നോടിയോ....നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും യു.ഡി.എഫും പരസ്പരം വോട്ട് ചെയ്ത് എൽ.ഡി.എഫിനെ പരാജയപ്പെടുത്തിയതോടെ ഇനി വരാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിലും, അത് പാസായാൽ തുടർന്നുള്ള ചെയർമാൻ വോട്ടെടുപ്പിലും ഈ കൂട്ടുകെട്ട് തുടരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ചാണക്യ ബുദ്ധിയിലൂടെ നഗരസഭാ ഭരണം പിടിച്ച ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയായിരുന്നു സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ്. കോൺഗ്രസുമായി ചെറിയ നീക്കുപോക്കുകൾ ഉണ്ടായേക്കുമെന്ന് കരുതിയെങ്കിലും ലീഗും ബി.ജെ.പിയും തമ്മിൽ പരസ്പരം വോട്ട് ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും അവർ വിചാരിച്ചില്ല.ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത 35 അംഗ ഭരണ സമിതിയിൽ എൽ.ഡി.എഫ്- 14, യു.ഡി.എഫ്- 13, ബി.ജെ.പി- എട്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. ഇതനുസരിച്ച് അഞ്ച് മാസങ്ങൾ കൂടി കഴിഞ്ഞാൽ എൽ.ഡി.എഫ് ഭരണസമിതിക്കെയിരെ യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവരും. 2019ൽ സി.പി.എമ്മിലെ മിനി മധുവിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം ബി.ജെ.പി പിന്തുണയോടെ പാസായിരുന്നു. എന്നാൽ പിന്നീട് നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ നിന്ന് ബി.ജെ.പി വിട്ടുനിന്നു. ഇത്തവണയും അവിശ്വാസപ്രമേയത്തെ ബി.ജെ.പി പിന്തുണച്ചേക്കും. എന്നാൽ തുടർന്ന് നടക്കുന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ ബി.ജെ.പി പിന്തുണയ്ക്കുമോയെന്നാണ് അറിയേണ്ടത്. എന്നാൽ അങ്ങനെയൊരു സാഹചര്യമുണ്ടാകില്ലെന്നാണ് യു.ഡി.എഫ്- ബി.ജെ.പി നേതാക്കൾ പറയുന്നത്. സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം നോക്കാതെ വോട്ട് ചെയ്യുകയാണുണ്ടായതെന്നും എൽ.ഡി.എഫിന്റെ കൂറുമാറ്റ രാഷ്ട്രീയത്തിനൊരു തിരിച്ചടി നൽകുകയാണ് ചെയ്തതെന്നും യു.ഡി.എഫ് പറയുന്നു. എന്നാൽ ഇനി അങ്ങനെ ഉണ്ടാകില്ലെന്നാണ് യു.ഡി.എഫ് നിലപാട്. യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണോയെന്നും ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വോട്ട്ചെയ്യണമോയെന്നും അപ്പോഴത്തെ സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്ന് ബി.ജെ.പി പറയുന്നു. എന്നാൽ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന് ബി.ജെ.പിയുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നാണ് മുസ്ലിംലീഗ് തൊടുപുഴ മുനിസിപ്പൽ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ലീഗ് ബി.ജെ.പിയുടെ പിന്തുണ സ്വീകരിക്കില്ല. ബി.ജെ.പിക്ക് വോട്ട് ചെയ്യുകയുമില്ല. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ വിജയിച്ചാൽ തൽസ്ഥാനം മുസ്ലിം ലീഗ് രാജിവയ്ക്കും. യു.ഡി.എഫിന്റെ നയവും ഇതു തന്നെയാണെന്ന് ഇവർ പറയുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ലീഗിന്റെ നാല് അംഗങ്ങൾ ബി.ജെ.പിയുമായി പരസ്പരം വോട്ട് ചെയ്തിരുന്നു.
എന്തായാലും കോൺഗ്രസ് വിമതന്റെയും ലീഗിൽ നിന്ന് കൂറുമാറിയെത്തിയ അംഗത്തിന്റെയും പിന്തുണയോടെ നഗരസഭാ ഭരണം പിടിച്ചെടുത്ത എൽ.ഡി.എഫിനെ തോൽപ്പിക്കാൻ ബി.ജെ.പിയും യു.ഡി.എഫ് ഏതറ്റം വരെ പോകുമെന്നാണ് ഇനി അറിയേണ്ടത്.