തൊടുപുഴ: പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ ആട്ടവും പാട്ടും സ്റ്റണ്ടുമായി സിനിമാ കൊട്ടകകൾ വീണ്ടും ഉണരും. പാതി സീറ്റിൽ മാത്രം ആളെ ഇരുത്തി, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും തിയേറ്ററുകളിൽ പ്രദർശനം. ജില്ലയിലെ തിയേറ്ററുകളിൽ ആദ്യ ഘട്ടത്തിൽ മൂന്ന് ഷോകളാണ് ഉണ്ടാവുക. രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും ഇടയിലാവും ഷോകൾ. ഇന്നലെ വൈകിട്ട് മുതലാണ് പല തിയേറ്ററുകളിലും ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. 50 ശതമാനം മാത്രം കാണികൾ എന്ന കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ചാണ് ടിക്കറ്റ് വിതരണം. എന്നാൽ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. എല്ലാ തിയേറ്ററുകളിലും ഇന്നലെ ഉച്ചയോടെ തന്നെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. കാണികളുടെയും ജീവനക്കാരുടെയും ശരീരതാപനില പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളും ആവശ്യത്തിന് സാനിറ്റൈസറുകളും തിയേറ്ററുകളിൽ സജ്ജമാക്കിയിട്ടുണ്ട്. കാണികൾ തമ്മിൽ ഒരു സീറ്റ് അകലം വേണമെന്നാണ് ചട്ടം. ഇതനുസരിച്ച് ഒന്നിടവിട്ട സീറ്റുകളിൽ ഇരിക്കാതിരിക്കാൻ റിബൺ കെട്ടി തിരിക്കും. പ്രധാന പോയിന്റുകളിൽ ദിശാ സൂചനകളും വിവരങ്ങളും പ്രദർശിപ്പിക്കും. ആരോഗ്യ സന്ദേശങ്ങളും അറിയിപ്പുകളും നിർദ്ദേശങ്ങളും അനൗൺസ് ചെയ്യും. ജനുവരി അഞ്ചിന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിയേറ്റർ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ സിനിമ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന നിലപാടിൽ സംഘടനകൾ ഉറച്ച് നിന്നതോടെയാണ് തീരുമാനം വൈകിയത്.
'തൽക്കാലം ഓൺലൈൻ ബുക്കിംഗാണ് സ്വീകരിക്കുന്നത്. കൗണ്ടർ വഴി ടിക്കറ്റ് നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഒന്നിടവിട്ട സീറ്രുകളിൽ മാത്രമാണ് കാഴ്ചക്കാരെ അനുവദിക്കൂ. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പ്രദർശനം"
-ലിബിൻ പാപ്പച്ചൻ
(മാനേജർ, ആശിർവാദ് തീയേറ്റർ, തൊടുപുഴ)
മാസായി മാസ്റ്ററെത്തും
വലിയൊരു ഇടവേളയ്ക്ക് ശേഷം സിനിമാശാലകൾ തുറക്കുമ്പോൾ കന്നിച്ചിത്രമായി എത്തുന്നത് ഇളയ ദളപതി വിജയിയുടെ 'മാസ്റ്റർ' ആയതിനാൽ വലിയ ആവേശത്തിലാണ് സിനിമാ പ്രേമികൾ. ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ആദ്യ ടിക്കറ്റുകൾ പൂർണമായും സ്വന്തമാക്കിയിട്ടുണ്ട്.