പൊതുസ്ഥലത്ത് ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയ ലോഡ്ജുടമയ്ക്ക് പിഴയിട്ടു
കാന്തല്ലൂർ : കോവിൽകടവിൽ പൊതുസ്ഥലത്ത് ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയ ലോഡ്ജുടമയിൽ നിന്നും 3000 രൂപ പിഴയീടാക്കി.കോവിൽക്കടവിൽ ഗ്രാമപ്പഞ്ചായത്തിന്റെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി യ്ക്കടുത്താണ് മറയൂരിലെ ലോഡ്ജുടമ ഭക്ഷണമാലിന്യവും നിരോധിത ഡിസ്‌പോസിബിളുകളുമുൾപ്പടെ തള്ളിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് സെക്രട്ടറി കെ സന്തോഷ് സ്ഥലത്തെത്തി ലോഡ്ജുടമയെ വിളിച്ചുവരുത്തി, മാലിന്യം നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ലോഡ്ജുടമ വാഹനമെത്തിച്ച് മാലിന്യം പൂർണ്ണമായും അവിടെ നിന്നും നീക്കം ചെയ്തു. ലോഡ്ജുടമ ആന്റണി ജൂസണിൽ നിന്നും പൊതു സ്ഥലത്ത് മാലിന്യം തള്ളിയതിന് വിവിധ വകുപ്പുകൾ പ്രകാരം 3000 രൂപ പിഴയീടാക്കി.കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് ഭക്ഷണാവശിഷ്ടങ്ങളും മറ്റും നിക്ഷേപിച്ച കോവിൽ കടവിലെ ബേക്കറിയുടമയിൽ നിന്നും 1000 രൂപ പിഴ ഈടാക്കിയിരുന്നു.
ശുചിത്വ പദവിയെ കളങ്കപ്പെടുത്തരുത്
പഞ്ചായത്ത് നേടിയ ശുചിത്വ പദവിയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി .പി. മോഹൻദാസ്, സെക്രട്ടറി കെ സന്തോഷ് എന്നിവർ പറഞ്ഞു.ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും കൂട്ടിക്കുഴയ്ക്കാതെ ജൈവഅജൈവ മാലിന്യങ്ങൾ പ്രത്യേകം സംസ്‌കരിക്കുകയാണ് ചെയ്യേണ്ടത്. പ്ലാസ്റ്റിക്കും അജൈവ പാഴ് വസ്തുക്കളും ഹരിതകർമ്മ സേനയ്ക്ക് കൈമാറണം. ഭക്ഷണാവശിഷ്ടങ്ങളും മറ്റും കുഴിക്കമ്പോസ്‌റ്റോ മറ്റോ ഉണ്ടാക്കി സംസ്‌കരിക്കണമെന്നും അവർ പറഞ്ഞു. ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ആവശ്യമുള്ളവർക്കെല്ലാം തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നൽകാൻ പദ്ധതിയുണ്ടെന്നും ഇവർ അറിയിച്ചു.