തൊടുപുഴ : പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നിർമ്മിച്ച റോഡിൽ നിന്നുള്ള മഴവെള്ളം വിധവയായ വൃദ്ധയുടെ പറമ്പിൽ ഒഴുകിയെത്തി വീടിന് വിള്ളൽ സംഭവിച്ചെന്ന പരാതിയിൽ ജില്ലാ പഞ്ചായത്ത് ഭരണ സമിതി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കട്ടപ്പന കൊച്ചുകാമാക്ഷി സ്വദേശിനി മേരി ചാക്കോയുടെ പരാതി അടിയന്തിരമായി പരിഹരിക്കാനാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്.
പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റോഡിലെ വെള്ളം പരാതിക്കാരിയുടെ സ്ഥലത്തിന് അരികിലൂടെ ഒഴുകത്തക്ക രീതിയിലാണ് നിർമ്മാണം നടത്തിയിട്ടുള്ളതെന്നും ഓട നിർമ്മിച്ച് പ്രശ്‌നം പരിഹരിക്കാൻ ജില്ലാ പഞ്ചായത്തിന് നിർദ്ദേശം നൽകാമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റോഡ് നിർമ്മാണം തങ്ങൾ നടത്തിയതല്ലെന്നും പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നിർമ്മിച്ച റോഡ് തങ്ങൾക്ക് കൈമാറിയതാണെന്നും ജില്ലാപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഗ്രാമപഞ്ചായത്തുകൾക്ക് മേൽ ജില്ലാപഞ്ചായത്തിന് അധികാരമില്ല. ജില്ലാപഞ്ചായത്തിന്റെ പുതിയ ഭരണസമിതിയുടെ പരിഗണനക്ക് ഇക്കാര്യം സമർപ്പിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്ക് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.