ഇടവെട്ടി: കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആക്ഷേപം. ഇടവെട്ടി പഞ്ചായത്തിൽ രണ്ട് വർഷം മുമ്പാണ് ജലനിധി പദ്ധതി പ്രകാരമുള്ള കുടിവെള്ള വിതരണം ആരംഭിച്ചത്. നിലവിൽ അഞ്ചിലധികം ഇടങ്ങളിലാണ് പൈപ്പ് പൊട്ടി കിടക്കുന്നത്. കാരിക്കോട്- പട്ടയംകവല റോഡിൽ തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപത്തെ കനാൽ പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പിന് തുളവീണ് വലിയ തോതിലാണ് വെള്ളം പാഴാകുന്നത്. വെള്ളം പാലത്തിലും സമീപത്തെ റോഡിലും കെട്ടിക്കിടക്കുന്നതിനാൽ കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു. നടയം- ശാരദക്കവല റോഡിൽ അങ്കണവാടിക്ക് സമീപം ദിവസവും നൂറ് കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. കൊതകുത്തി കവലയിൽ കാലങ്ങളായി പൈപ്പ് പൊട്ടൽ പതിവാണ്. ഇവിടെ രണ്ട് മാസം മുമ്പ് തകരാർ പരിഹരിച്ചെങ്കിലും വീണ്ടും വെള്ളം പാഴാകുകയാണ്. വെള്ളമൊഴുകി റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. മരവെട്ടിച്ചുവട്ടിൽ അടുത്തടുത്തായി രണ്ടിടത്താണ് പൈപ്പ് പൊട്ടി കിടക്കുന്നത്. രണ്ട് വർഷത്തിലധികമായി ഇവിടെ വെള്ളം പാഴാകുകയാണെന്ന് നാട്ടുകാരും പറയുന്നു. അതേ സമയം തകരാറുകൾ കൂടുതലും പഴയ പൈപ്പ് ലൈനിലാണെന്നാണ് അധികൃതർ പറയുന്നത്. സ്ഥിരമായി പുതിയ പൈപ്പുകൾ വഴി വെള്ളം കിട്ടുമ്പോൾ എല്ലാവർക്കും കണക്ഷൻ നൽകി പഴയ ലൈനുകൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേ സമയം തകരാറുകൾ പരിശോധിക്കുമെന്ന് വാട്ടർ അതോറിട്ടി തൊടുപുഴ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിയർ വ്യക്തമാക്കി. ബന്ധപ്പെട്ട അസി. എൻജിനീയറുമായി സംസാരിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.