തൊടുപുഴ: കാടുപിടിച്ചും മാലിന്യങ്ങൾ തള്ളിയും വൃത്തിഹീനമായി കിടന്ന സ്ഥലം മനോഹരമാക്കാൻ മർച്ചന്റ്‌സ് അസോസിയേഷൻ രംഗത്ത്. മുതലക്കോടം എസ്.എച്ച് ഗേൾസ് ഹൈസ്‌കൂളിന് സമീപത്തെ പരിസരമാണ് വൃത്തിയാക്കാൻ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് 12 ലോഡോളം മാലിന്യമാണ് നീക്കം ചെയ്തത്. കാടുകയറി കിടന്നതിനാൽ ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായിരുന്നു. തുടർന്നാണ് സമീപത്തെ വ്യാപാരികൾ മുന്നിട്ടിറങ്ങി ഇങ്ങനെയൊരു നീക്കം നടത്തിയത്. ഈ ഭാഗത്തു പൂച്ചെടികളും മറ്റും നട്ട് മനോഹരമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. മുതലക്കോടം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജൊവാൻ കൊണ്ടൂർ, സെക്രട്ടറി റോബി, വ്യാപാരികളായ ടോം ജെ. കല്ലറയ്ക്കൽ, ജോസ് വടക്കേൽ, മുതലക്കോടം സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ജോണി നെടുങ്കല്ലേൽ, സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻസീന എന്നിവർ പങ്കെടുത്തു.