തൊടുപുഴ: മാലിന്യനിർമാർജനത്തിന് പ്രാധാന്യം നൽകി പ്രഥമ നഗരസഭാ കൗൺസിൽ യോഗം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തയ്യാറാക്കിയ കുന്നംകുളം മോഡൽ ഈ സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കാനാണ് തീരുമാനിച്ചത്. നഗരത്തിലെ മാലിന്യ നീക്കവും സംസ്‌കരണവും നടപ്പാക്കുന്നതിനു മുന്നോടിയായി ഭരണ സമിതിയംഗങ്ങൾ കുന്നംകുളത്ത് സന്ദർശനം നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു. അതേ മാതൃകയിൽ നടപ്പാക്കാനാണ് ഇന്നലെ ചേർന്ന കൗൺസിലിലും തീരുമാനിച്ചത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് 3.56 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇതിൽ 19,41,000 രൂപ മാത്രമാണ് ചെലവഴിച്ചത്. ഇനി ഡി.പി.ആർ ഭേദഗതി ചെയ്ത് 2.62 കോടി ചെലവഴിച്ച് പദ്ധതി പൂർത്തിയാക്കാണ് തീരുമാനം. ഇതിന്റെ ഭാഗമായി കൂടുതൽ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകൾ സ്ഥാപിക്കും. വീടുകളിൽ ബയോ പോട്ടുകളും ബിന്നുകളും ബയോ ഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കാനും പദ്ധതിയുണ്ട്. ആദ്യ കൗൺസിൽ യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുത്തു.

നിർമാണങ്ങൾ പൂർത്തിയാക്കും

മങ്ങാട്ടു കവലയിലെ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ബാക്കി നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനും തീരുമാനിച്ചു. വയറിംഗ്, ടോയ്‌ലെറ്റ്, ലിഫ്‌റ്റ് തുടങ്ങി അവസാന ഘട്ട നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി തുറക്കാനാണ് തീരുമാനം. കോതായിക്കുന്ന് ബസ് ബസ് സ്റ്റാൻഡിൽ നിർമാണത്തിലിരിക്കുന്ന ടോയ്‌ലറ്റ് സമുച്ചയം വേഗത്തിൽ പൂർത്തിയാക്കി തുറക്കും. ടൗൺഹാളിനു സമീപം നിലവിലുള്ള ടോയ്‌ലറ്റ് പൊളിച്ചു കളഞ്ഞ് പുതിയത് നിർമിക്കും.

''മാലിന്യ നീക്കം വേഗത്തിലാക്കുന്നതിനായി നഗരസഭയിലെ ഹരിത കർമ സേനയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തും. ജൈവ, അജൈവ മാലിന്യങ്ങൾ ഷ്രെഡിംഗ് യൂണിറ്റുകളിലെത്തിച്ച് വേർതിരിച്ച് ജൈവവളമാക്കി മാറ്റാനും ലക്ഷ്യമിടുന്നുണ്ട്. കൂടാതെ നഗര പരിധിയിൽ നഗരസഭയുടെ കൈവശമുള്ള സ്ഥലങ്ങളിൽ മൈക്രോ യൂണിറ്റുകളും സ്ഥാപിക്കും"

-സനീഷ് ജോർജ് (നഗരസഭാ ചെയർമാൻ)​