കമ്പംമെട്ട്: ചേറ്റുകുഴി പോത്തിൻകണ്ടം ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ കാണിക്ക മണ്ഡപത്തിൽ സ്ഥാപിച്ചിരുന്ന പഞ്ചലോഹവിഗ്രഹം മോഷണം പോയി. 18,000 രൂപയോളം വിലവരുന്ന വിഗ്രഹമാണ് മോഷണം പോയതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. നാല് വർഷം മുമ്പ് എസ്.എൻ.ഡി.പി യോഗം പോത്തിൻകണ്ടം ശാഖ അംഗമായ കണ്ടത്തിൽ വിശ്വനാഥൻ സംഭാവന ചെയ്തതാണ് ഇപ്പോൾ മോഷണം പോയ വിഗ്രഹം. കാണിക്കമണ്ഡപത്തിനടുത്തുള്ള
പച്ചക്കറി കട ഉടമ തങ്കച്ചൻ പതിവ് പോലെ കാണിക്ക ഇടാൻ എത്തിയപ്പോഴാണ് വിഗ്രഹം നഷ്ടപ്പെട്ടതറിഞ്ഞത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെയും നാട്ടുകാരെയും വിവരമറിയിച്ചു. ക്ഷേത്രം ഭാരവാഹികളായ പി.കെ. തുളസീധരൻ, ബിനു എസ്. തുടങ്ങിയവർ കമ്പംമെട്ട് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. മോഷ്ടാവിനെ ഉടൻ പിടികൂടണമെന്ന് ഭാരവാഹികളും നാട്ടുകാരും ആവശ്യപ്പെട്ടു.