മറയൂർ: വീടിന് സമീപം റോഡരികിൽ നിറുത്തിയിട്ടിരുന്ന കാർ സാമൂഹ്യവിരുദ്ധർ തല്ലി തകർത്തതായി പരാതി. മറയൂർ മൈക്കിൾഗിരി സ്വദേശി ഗൗതമിന്റെ ഭാര്യ സ്‌നേഹ ഹംസയുടെ വാഹനമാണ് തകർത്തത്. തിങ്കളാഴ്ച രാത്രിയോടു കൂടിയാണ് സംഭവം. സ്‌നേഹഹംസയുടെ ഭർതൃപിതാവ് കാളിമുത്തു രാത്രി 9.30ന് മൈക്കിൾഗിരി സ്‌കൂളിനു സമീപം എത്തിയപ്പോൾ കാർ നിന്നു പോയതിനെ തുടർന്ന് റോഡരുകിൽ പാർക്ക് ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടുകൂടി തിരികെയെത്തി നോക്കിയപ്പോഴാണ് കാർ പൂർണമായും തകർത്ത നിലയിൽ കണ്ടത്. കാറിന്റെ മുഴുവൻ ചില്ലകളും അടിച്ചുതകർത്തു. സ്‌നേഹ ഹംസ മറയൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അഡീഷണൽ എസ്‌.ഐ ഷമിറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാർ തകർക്കുന്നതിനുള്ള പ്രകോപനത്തിന് കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ അഭിപ്രായവ്യത്യാസമാണെന്ന് കാളിമുത്തു പറഞ്ഞു.