തൊടുപുഴ: ഒരു കാർ ടാക്സിയാക്കി മാറ്രാൻ ചില്ലറ പൊല്ലാപ്പൊന്നുമല്ല. മുമ്പ് ഏതു കാർ വേണമെങ്കിലും ടാക്സിയായോ സ്വകാര്യ വാഹനമായോ എങ്ങനെ വേണമെങ്കിലും രജിസ്റ്റർ ചെയ്യാനാവുമായിരുന്നു. ഇപ്പോൾ അതു നടക്കില്ല. സ്പീഡ് ഗവർണറും ജി.പി.എസും എല്ലാ ടാക്സികളിലും നിർബന്ധമാക്കി. കാർ വാങ്ങി ടാക്‌സി രജിസ്‌ട്രേഷനെത്തുമ്പോഴാണ് പലരും ഇക്കാര്യം അറിയുന്നത്. ജി.പി.എസ് എവിടെ നിന്നെങ്കിലും വാങ്ങി വയ്ക്കാം. എന്നാൽ ടാക്സി കാറിനുള്ള സ്പീഡ് ഗവർണർ ഒരിടത്തും കിട്ടാനില്ലെന്നതാണ് സ്ഥിതി.

ടാക്സി രജിസ്‌ട്രേഷൻ കിട്ടാൻ വേണ്ടി പലരും വൻതുക മുടക്കി അന്യനാടുകളിൽ നിന്നുമാണ് സ്പീഡ് ഗവർണർ വാഹനങ്ങളിൽ ഘടിപ്പിക്കുന്നത്. 2015ന് ശേഷം നിർമിക്കുന്ന വാഹനങ്ങൾ ഇങ്ങനെ വേണമെന്നായിരുന്നു നിയമം. പിന്നീട് ഇത് 2017 മേയ് ഒന്നിനു ശേഷം രജിസ്റ്റർ ചെയ്യുന്ന ടാക്സി കാറുകൾക്ക് മതിയെന്നാക്കി. ടാക്സിയായി ഓടാനുള്ള കാറുകളിൽ നിർമാതാക്കൾ തന്നെ സ്പീഡ് ഗവർണർ ഘടിപ്പിച്ചിരിക്കണമെന്നാണ് പുതിയ മോട്ടോർ വാഹന നിയമം. ഇതോടെ ചില കമ്പനികൾ ഈ സംവിധാനമുൾപ്പെടുത്തി നിർമാണം തുടങ്ങിയിട്ടുണ്ട്. അതില്ലാത്ത ചെറുകാറുകൾ വാങ്ങിയവരിൽ പലരും ഈ നിയമം അറിയുന്നത് ടാക്സി കാറായി രജിസ്റ്റർ ചെയ്യാൻ വേണ്ടി ആർ.ടി.ഒ ആഫീസിൽ എത്തുമ്പോഴാണ്. അതിനാൽ കാർ വാങ്ങാൻ ബുക്ക് ചെയ്യുമ്പോൾ തന്നെ ടാക്സിയായി ഓടിക്കാനാണെങ്കിൽ അക്കാര്യം പറഞ്ഞു വേണം ബുക്ക് ചെയ്യാൻ. ഇടുക്കി പോലെയുള്ള ജില്ലയിലെല്ലായിടത്തും ആംബുലൻസ് സൗകര്യം ലഭ്യമല്ല. ഇത്തരം സ്ഥലങ്ങളിൽ എന്തെങ്കിലും അത്യാഹിതമോ അപകടമോ ഉണ്ടായാൽ തൊട്ടടുത്തുള്ള ടാക്സി കാറുകളാകും മിക്കപ്പോഴും ശരണം. എന്നാൽ വേഗപ്പൂട്ട് ഘടിപ്പിച്ചാൽ സമയത്ത് രോഗിയെയോ പരിക്കേറ്റയാളെയോ ആശുപത്രിയിലെത്തിക്കാൻ സാധിക്കില്ലെന്നതും പ്രതിസന്ധിയാണ്.