കുമളി: മുല്ലപ്പെരിയാർ ഉപസമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും. രാവിലെ 10ന് തേക്കടിയിൽ നിന്ന് ബോട്ട് മാർഗം സംഘം ഡാമിലേക്ക് പോകും. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തിയ ശേഷം സമിതി അംഗങ്ങൾ സ്വീപ്പേജിന്റെ അളവും രേഖപ്പെടുത്തും. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ കുമളിയിലുള്ള മുല്ലപ്പെരിയാർ ആഫീസിൽ യോഗം ചേരുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഉപസമിതി ചെയർമാൻ ശരവണകുമാർ, കേരളത്തിന്റെ പ്രതിനിധികളായ എൻ.എസ്. പ്രസീദ്, ബിനു ബേബി, തമിഴ്‌നാട് പ്രതിനിധികളായ സാം ഇർവിൻ, ടി. കുമാർ ഉൾപ്പടെയുള്ളവർ പരിശോധനയിൽ പങ്കെടുക്കും. ഉപസമിതി കഴിഞ്ഞ വർഷം ആഗസ്റ്റ് 11 നാണ് അവസാനമായി ഡാം സന്ദർശിച്ചത്.