തൊടുപുഴ: സർവീസിൽ നിന്ന് വിരമിച്ചിട്ടും കൃഷിയെയും കർഷകരെയും സ്‌നേഹിച്ച ജോർജ് സാർ ഓർമ്മയായി. കഴിഞ്ഞ ദിവസം നിര്യാതനായ റിട്ട. കൃഷി ഡെപ്പ്യൂട്ടി ഡയറക്ടർ തൊടുപുഴ വലിയപരയ്ക്കാട്ട് തങ്കച്ചനെന്ന് വിളിക്കുന്ന വി.ജെ. ജോർജ് ജില്ലയിലെ കർഷകർക്ക് സുപരിചിതനാണ്. 84-ാം വയസിലും കർഷകർക്ക് തേൻകൃഷിയെക്കുറിച്ചു ക്ലാസ് എടുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷവും കാർഷിക മേഖലയുടെ വളർച്ചയ്ക്കായി അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.
ജോലിയിലിരിക്കെ തന്നെ സമീപിക്കുന്ന കർഷകർക്ക് എന്നും ഒരു ആശ്വാസമായിരുന്നു ജോർജ്. കൃഷിയിടങ്ങൾ സന്ദർശിച്ച് കർഷകർക്ക് ഉപദേശം നൽകുന്നതിൽ അദ്ദേഹം പ്രത്യേകം താൽപര്യം കാണിച്ചിരുന്നു. ഔദ്യോഗിക ജീവിതത്തിനു ശേഷം തൊടുപുഴയിലെ ഗാന്ധിജി സ്റ്റഡി സെന്ററി ൽ 16 വർഷക്കാലം സേവനമനുഷ്ഠിച്ചിരുന്നു. ഈ കാലയളവിൽ സ്റ്റഡി സെന്ററിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ച് വിവിധ കാർഷിക വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ച് കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു. ജൈവഗ്രാമം, തെങ്ങു കയറ്റ പരിശീലന പരിപാടി, തേനീച്ച വളർത്തൽ, മത്സ്യ കൃഷി, നാളികേര സ്വാശ്രയ സംഘങ്ങൾ രൂപീകരിക്കൽ എന്നീ മേഖലകളിൽ വളരെയേറെ ശ്രദ്ധ പതിപ്പിച്ചു. തൊടുപുഴ കാഡ്‌സിന്റെ തുടക്കത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജൈവ കൃഷിയെക്കുറിച്ച് ജോർജ് സാറിന്റെ നേതൃത്വത്തിൽ ക്ളാസുകൾ എടുത്തിരുന്നു. കാഡ്‌സ് അഗ്രോ ക്ലിനിക്കിന്റെ ചുമതല വഹിച്ചിരുന്നു. വീടും പരിസരവും നല്ലൊരു കൃഷി ഭൂമിയാക്കിയിട്ടാണ് മറ്റുള്ളവർക്ക് കൃഷി ഉപദേശം നൽകുന്ന പ്രവർത്തനവും നടത്തിയിരുന്നത്. അങ്ങനെ കൃഷിയെ നെഞ്ചിലേറ്റി ജീവിച്ച ഒരു നല്ല കർഷകനെയും കൃഷി വിദഗ്ദ്ധനെയുമാണ് നഷ്ടമായത്. സംസ്‌കാരം തൊടുപുഴ തെനംകുന്ന് പള്ളി സെമിത്തേരിയിൽ നടന്നു.