തൊടുപുഴ: പട്ടികവർഗക്കാരുടെ ഭരണഘടനാപരമായി നിലനിൽക്കുന്ന സംവരണ അവകാശങ്ങൾ അട്ടിമറിക്കപ്പെടും വിധത്തിലുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നയ സമീപനങ്ങൾക്കെതിരെ 24 മുതൽ ഫെബ്രുവരി 15 വരെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ അഖില തിരുവിതാംകൂർ മലയരയ മഹാസഭയുടെ നേതൃത്വത്തിൽ സംവരണ സംരക്ഷണ മുന്നേറ്റ യാത്ര നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ആദിവാസികളുടെയും മറ്റിതര ജനവിഭാഗങ്ങളുടെയും കൈവശ ഭൂമിക്ക് പട്ടയം അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും സമയബന്ധിതമായി നടപ്പിലാക്കാത്തതുമൂലം ഭൂഉടമകളായ കർഷകരും ആദിവാസികളും ഒട്ടേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.പട്ടയ നടപടികൾ വൈകുന്നത് മുതലെടുത്ത് ഭൂഉടമകളായ കർഷകരെയും ആദിവാസികളെയും സാമ്പത്തികമായി ചൂഷണം ചെയ്യാനും പദ്ധതി തയ്യാറാക്കി പട്ടയത്തിനായി പട്ടിണി സമരവുമായി ചിലർ രംഗത്ത് വന്നിട്ടുണ്ട്. ഇവരുടെ ചതിക്കുഴികളിൽ നിന്ന് പാവപ്പെട്ട കർഷകരെയും ആദിവാസികളെയും രക്ഷിക്കാൻ റവന്യു വകുപ്പ് ശ്രദ്ധ പുലർത്തണം. പട്ടയ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ വേണ്ട അടിയന്തര നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.പി. കൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻദാസ് പഴുമല, ട്രഷറർ എം.ഐ. ഗോപാലൻ, ഡയറക്ടർ ബോർഡ് അംഗം എം.ജി. ഭാസ്‌കരൻ എന്നിവർ പങ്കെടുത്തു.