തൊടുപുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിൻ ജില്ലയിലെത്തി. പ്രത്യേക താപനിലയിൽ ക്രമീകരിച്ച ബോക്‌സുകളിൽ 9240 ഡോസ് വാക്‌സിനാണ് എറണാകുളത്ത് നിന്ന് ഇടുക്കിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ കൊണ്ടു വന്നത്. പൂനൈ സെറം ഇൻസ്റ്റിറ്റിറ്റൂട്ടിൽ വികസിപ്പിച്ച വാക്‌സിൻ ഇന്നലെ രാവിലെ 10.45 ന് നെടുമ്പാശ്ശേരിയിൽ എത്തിച്ചത്.
ഇടുക്കി ജില്ലയിലെത്തിച്ച വാക്‌സിൻ ജില്ലാ മെഡിക്കൽ ഓഫീസിലെ വാക്‌സിൻ സ്റ്റോറിൽ സൂക്ഷിക്കും. ഇന്നും നാളെയുമായി വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ എത്തിക്കും.വാക്‌സിൻ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയിൽ ശനിയാഴ്ച്ച രാവിലെ 8.30 ന് അഡ്വ. ഡീൻ കുര്യാക്കോസ് എം പി. നിർവഹിക്കും. വാക്‌സിൻ വിതരണത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രിയ.എൻ അറിയിച്ചു.
വിതരണ കേന്ദ്രങ്ങൾ
രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യം വാക്‌സിൻ നൽകുന്നത്. ഇടുക്കി ജില്ലാ ആശുപത്രി(മെഡിക്കൽ കോളേജ് ), തൊടുപുഴ ജില്ലാ ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, ചിത്തിരപുരം സിഎച്ച്‌സി, രാജാക്കാട് സിഎച്ച് സി, നെടുംങ്കണ്ടം താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, ഹോളി ഫാമിലി ആശുപത്രി മുതലക്കോടം , സെന്റ് ജോൺസ് കട്ടപ്പന എന്നിങ്ങനെയാണ് വിതരണ കേന്ദ്രങ്ങൾ.