തൊടുപുഴ: പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ ഇളയദളപതി വിജയി 'മാസ്റ്റർ" ആയെത്തിയതോടെ ആരാധകർ തീയേറ്ററുകൾ ഉത്സവപറമ്പുകളാക്കി മാറ്റി. ജില്ലയിൽ തീയേറ്രറുകൾ തുറന്നത് ആവേശപൂർവമാണ് സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്. വിജയ് ചിത്രമായതിനാൽ തന്നെ രാവിലെ മുതൽ തന്നെ തീയേറ്ററുകൾക്ക് മുന്നിൽ നീണ്ട ക്യൂ ദൃശ്യമായിരുന്നു. രാവിലെ ഒമ്പത് മണിക്കായിരുന്നു ആദ്യ ഷോ. ഭൂരിഭാഗം തീയേറ്ററുകളിലും ഈ ഷോ വിജയ് ഫാൻസിന് വേണ്ടി മാറ്റിവച്ചിരുന്നു. ഫാൻസ് അസോസിയേഷൻ പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തിയും ആരതിയുഴിഞ്ഞുമൊക്കെയാണ് തങ്ങളുടെ ഇഷ്ടതാരത്തിന്റെ സിനിമ ആഘോഷമാക്കിയത്. കൊവിഡ് മാനദണ്ഡമനുസരിച്ച് ഒന്നിടവിട്ട സീറ്റുകളിൽ മാത്രമായിരുന്നു കാഴ്ചക്കാരെ പ്രവേശിപ്പിച്ചത്. എന്നാൽ എല്ലാ ഷോയും ഹൗസ് ഫുള്ളായിരുന്നു. എല്ലാ തീയേറ്ററുകളുടെയും പ്രവേശന കവാടങ്ങളിൽ സാനിട്ടൈസറുകളും ഒരുക്കിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ സിനിമകൾ റിലീസാകുന്നതോടെ കുടുംബപ്രേക്ഷകരടക്കം തീയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.