മുട്ടം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയിൽ നിന്നും 27 പവൻ സ്വർണ്ണവും 50000 രൂപയും തട്ടിയെടുത്ത കേസിൽ സ്വർണ്ണം ചാലക്കുടിയിലുളള അഞ്ച് സ്വർണ്ണക്കടകളിൽ നിന്ന് മുട്ടം പൊലീസ് കണ്ടെത്തി. കേസിലെ പ്രതി തൻസീറുമായി പൊലീസ് ഇന്നലെ നടത്തിയ തെളിവെടുപ്പിലാണ് സ്വർണ്ണം കണ്ടെത്താനായത്. വിവാഹ വാഗ്ദാനം നൽകി രണ്ടുതവണയായി തുടങ്ങനാട് സ്വദേശിനിയായ പെൺകുട്ടിയിൽ നിന്നും സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ കൊല്ലം പത്തനാപുരം പുന്നല ബംഗ്ലാദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയിൽ തൻസീർനെ ചൊവ്വാഴ്ച്ച മുട്ടം പൊലീസ് പിടികൂടിയിരുന്നു. പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇയാൾ 3 മാസം മുൻപാണ് സ്വർണം തട്ടിയെടുത്തത്. 12 പവൻ സ്വർണം ഇയാളിൽ നിന്നും കണ്ടെടുത്തിരുന്നു. ബാക്കി സ്വർണം ചാലക്കുടിയിലെ സ്വർണക്കടയിൽ വിറ്റതായി പൊലീസിനോടു ഇയാൾ സമ്മതിച്ചിരുന്നു. കൊട്ടാരക്കരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പണം തട്ടിയെടുത്തശേഷം രണ്ട് ആഴ്ച്ചയിലേറെയായി ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. പൊലീസ് കൊട്ടാരക്കരയിലെത്തി പഴയ മൊബൈൽ ലൊക്കേഷൻ വച്ച് ഏറെ പണിപ്പെട്ടാണ് പ്രതിയെ പിടികൂടിയത്. തൊടുപുഴ ഡിവൈ .എസ്. പി കെ സദന്റെ നിർദേശ പ്രകാരം മുട്ടം പ്രിൻസിപ്പൽ എസ്‌ഐ എൻ.എസ്. റോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയുമായി ചാലക്കുടിയിൽ തെളിവെടുപ്പ് നടത്തിയത്.