ഇടുക്കി: മുല്ലപ്പെരിയാർ ഉപസമിതി ഇന്നലെ അണക്കെട്ടിലെത്തി സ്ഥിതിഗതികൾ വിലിയിരുത്തി. തേക്കടിയിൽ നിന്ന് ബോട്ട് മാർഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേയിൽ ഷട്ടറുകൾ, ഗാലറി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. 13 ഷട്ടറുകളിൽ മൂന്ന്, എട്ട്, ഒൻപത് എന്നിവ ഉയർത്തി പരിശോധിച്ചു. മിനിറ്റിൽ 47.477 ലിറ്ററാണ് സ്വീപ്പേജ് വെള്ളത്തിന്റെ അളവ്. ഉപസമിതി ചെയർമാൻ ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. തുടർന്ന് കൊവിഡ് പശ്ചാത്തലത്തിൽ പ്രതിനിധികൾ ഓൺലൈനിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. 122.25 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഉപസമിതി ചെയർമാൻ ശരണവണകുമാർ, കേരളത്തിന്റെ പ്രതിനിധികളായ എൻ.എസ്. പ്രസീദ്, ബിനു ബേബി, തമിഴ്‌നാട് പ്രതിനിധികളായ സാം ഇർവിൻ, ടി. കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 11നായിരുന്നു അവസാനമായി സമിതി അണക്കെട്ട് സന്ദർശിച്ചത്.