തൊടുപുഴ: 110 ഗ്രാം കഞ്ചാവും കടത്താനുപയോഗിച്ച ബൈക്കും പിടികൂടി. കഞ്ചാവ് ഉപയോഗിച്ച 17 വയസിൽ താഴെയുള്ള അഞ്ച് വിദ്യാർത്ഥികളെ പിടികൂടി താക്കീത്ചെയ്ത് വിട്ടയച്ചു.ബൈക്കിലെത്തിയ രണ്ടംഗ സംഘം ഓടി രക്ഷപ്പെട്ടു.
എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് ഉറവപ്പാറക്ഷേത്രത്തിന് സമീപത്ത് നിന്ന് പിടികൂടിയത്. സ്ഥലത്ത് കഞ്ചാവ് ഉപയോഗം വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സുധീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 15,17 വയസ് വരെയുള്ള വിദ്യാർത്ഥികൾ സ്ഥലത്ത് കഞ്ചാവ് വലിക്കുന്നതാണ് ആദ്യം പിടികൂടിയത്. ഇവിടെ ഉണ്ടായിരുന്ന 8 പേരിൽ മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.
ഈ സമയം സ്ഥലത്ത് ബൈക്കിലെത്തിയവർ എക്‌സൈസിനെ കണ്ട് വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനാകാതെ വന്നതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വിലകൂടിയ ബൈക്കിൽ നിന്നാണ് കഞ്ചാവ് ലഭിച്ചത്. വിദ്യാർത്ഥികളെ എക്സൈസ് ഓഫീസിലെത്തിച്ച ശേഷം രക്ഷിതാക്കളെ വിളിച്ച് വരുത്തി താക്കീത് നൽകി വിട്ടയച്ചു.
പരിശോധനയിൽ ഉദ്യോഗസ്ഥരായ പ്രകാശ്, സെബാസ്റ്റ്യൻ, സുബൈർ, അബി, ജോർജ്, അജയൻ, വിനോദ് എന്നിവരും പങ്കെടുത്തു. കഞ്ചാവ് എത്തിച്ച പ്രതിക്കായി വാഹന ഉടമയെ കണ്ടത്തി തുടർ പരിശോധന നടത്തുമെന്ന് റേഞ്ച് ഇൻസ്‌പെക്ടർ പറഞ്ഞു.
സ്ഥലത്ത് മയക്ക് മരുന്നിന്റെ ഉപയോഗം വ്യാപകമാണെന്ന് കാട്ടി ഉറവപ്പാറ ക്ഷേത്രം ഭാരവാഹികൾ നേരത്തെ പൊലീസിലടക്കം പരാതി നൽകിയിരുന്നു. രാവിലെ മാത്രം പൂജയുള്ള ക്ഷേത്രത്തിന് സമീപത്തെ പാറയിൽ ഉച്ചകഴിയുന്നതോടെ നിരവധി പേരാണ് മയക്ക് മരുന്ന് ഉപയോഗത്തിനും കച്ചവടത്തിനുമായി എത്തുന്നതെന്ന് സൂചന ലഭിച്ചത്..