para

ചെറുതോണി : റോഡ് നിർമ്മാണത്തിന്റെ മറവിൽ വൻതോതിൽ പാറപൊട്ടിച്ചു കടത്തുന്നു. മരിയാപുരം പഞ്ചായത്തിൽ പാണ്ടിപ്പാറയ്ക്ക് സമീപമാണ് മാസങ്ങളായി പാറപൊട്ടിക്കൽ നടക്കുന്നത്. റോഡിന് വീതികൂട്ടുന്നതിനായാണ് റോഡരുകിലെ പാറപൊട്ടിച്ച് മാറ്റുന്നതെന്നേ തോന്നുകയുള്ളു. എന്നാൽ പാറപൊട്ടിക്കുന്ന സ്ഥലവും റോഡ് നിർമ്മാണവുമായി ഒരു ബന്ധവുമില്ല. വിമലഗിരി അഞ്ചാനിപടി പാണ്ടിപ്പാറ റോഡിലാണ് റോഡ് നിർമ്മാണം നടക്കുന്നത്. സി .എം .എൽ .ആർ പദ്ധതിയിലൂടെ 100 മീറ്റർ കോൺക്രീറ്റ് ചെയ്യുന്നതിന് വേണ്ടി പത്ത് ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ എസ്റ്റിമേറ്റിൽ പെടാത്ത ഭാഗത്താണ് പാറപൊട്ടിക്കൽ തകൃതിയായി നടക്കുന്നത്. മാസങ്ങളായി ഇത്തരത്തിൽ ഇവിടെനിന്ന് പാറ പൊട്ടിച്ചു കടത്തുന്നുണ്ട് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നോ സർക്കാരിൽ നിന്നോ അനുമതി തേടാതെയാണ് പാറപൊാിക്കൽ തകൃതിയായി നടക്കുന്നത്.. ഇവിടെനിന്ന് ലോഡുകണക്കിന് പാറയാണ് കടത്തിയത്. ഇടുക്കി ആർച്ച് ഡാമിന് ഏതാനം കിലോമീറ്റർ സമീപത്തായിട്ടാണ് വൻതോതിലുള്ള സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചിട്ടുള്ളത്.
റോഡ് നിർമ്മാണത്തിന് എസ്റ്റിമേറ്റിൽ പെടാത്ത ഭാഗത്തുനിന്നാണ് പാറ പൊട്ടിച്ചു കടത്തിയിരിക്കുന്നതെന്ന് പഞ്ചായത്ത് എ .ഇ യും വെളിപ്പെടുത്തി. കരാറുകാരൻ ഇയാളുടെ മറ്റു സൈറ്റുകളിലേക്കും പാറ കടത്തുന്നതിനോടൊപ്പം ആവശ്യകാർക്ക് പാറ മറിച്ചു നൽകുകയായിരുന്നു.