ഇടുക്കി : സംസ്ഥാനത്ത് ഉടനീളം 1964 ചട്ടപ്രകാരവും 1993ലെ ഭൂമിപതിവ് ചട്ടപ്രകാരവും നൽകിയിട്ടുള്ള പട്ടയ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തിരമായി നിയമ ഭേദഗതി കൊണ്ടുവരണമെന്ന് റോഷി അഗസ്റ്റിൻ എം.എൽഎ. നിയമസഭയിൽ ആവശ്യപ്പെട്ടു. ഗവർണ്ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വടക്കൻ സംസ്ഥാനങ്ങളിൽ വർഗ്ഗീയ ഫാസിസം അരങ്ങുതകർക്കുമ്പോൾ സ്വര്യതയും സുരക്ഷിത്വവും ഉറപ്പാക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു.
കാർഷിക വിഷയങ്ങളിൽ കേരള കോൺഗ്രസ്(എം) എക്കാലവും കർഷകരുടെ പക്ഷത്താണ്. 1980ലെ നായനാർ ഗവൺമെന്റിൽ കർഷക തൊഴിളി പെൻഷനും 2011ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കർഷക പെൻഷനും ആവിഷ്‌കരിച്ചത് കെ.എം.മാണി ധനകാര്യമന്ത്രിയായിരിക്കെയാണ്. കർഷക പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണുന്ന നിലപാട് പിണറായി സർക്കാരും തുടരുകയാണ്. കർഷകക്ഷേമ ബോർഡും പഴം പച്ചക്കറികൾക്ക് ഏർപ്പെടുത്തിയ തറവിലയും പട്ടയ നടപടികളും സർക്കാരിന്റെ നേട്ടമാണ്. മുന്നാക്കത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നർക്ക് സംവരണം എന്നത് കേരള കോൺഗ്രസ് സ്ഥാപന കാലഘട്ടത്തിലെ പ്രഖ്യാപിത മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. നിലവിലെ ഒരു സംവരണ ആനുകൂല്യങ്ങളും അട്ടിമറിക്കാതെ വിദ്യാഭ്യാസരംഗത്തും ജോലി അവസരത്തിലും പത്ത് ശതമാനം സംവരണം കൊണ്ടുവന്നതും പിണറായി സർക്കാരാണ്. ഇടുക്കിയിലെ നിർമ്മാണ നിരോധനവുമായി ബന്ധപ്പെട്ട് കട്ടപ്പനയിൽ താൻ നിരാഹാരം നടത്തിയപ്പോൾ സർവ്വകക്ഷി യോഗം വിളിക്കാൻ സർക്കാർ തയാറായതും റോഷി അനുസ്മരിച്ചു.
കൊവിഡ് ദുരിതാശ്വാസമായി 87 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് എത്തിച്ചതിന്റെ പ്രതിഫലമായിരുന്നു തദ്ദേശ ഇലക്ഷൻ ഫലം. ഇടുക്കി മെഡിക്കൽ കോളജ് തടസങ്ങൾക്ക് പരിഹാരം കണ്ടെത്താനും സർക്കാരിനു സാധിച്ചു റോഷി അഗസ്റ്റിൻ പറഞ്ഞു.