മുട്ടം: സ്വകാര്യ ഓൺലൈൻ ഏജൻസിയുടെ ജീവനക്കാരിൽ നിന്ന് രണ്ട് ദിവസം മുൻപ് റോഡിൽ നഷ്ടപ്പെട്ട ലാപ്ടോപ്പ് തിരികെ ലഭിച്ചു. ഓൺലൈനിൽ ബുക്ക് ചെയ്ത ഒരു ലക്ഷത്തിന് മേൽ വിലയുള്ള ലാപ്ടോപ്പ് ഉടമക്ക് നൽകുന്നതിന് വേണ്ടി ജീവനക്കാർ ബൈക്കിൽ തൊടുപുഴ - മുട്ടം റൂട്ടിൽ വന്നപ്പോഴാണ് മ്രാല ഭാഗത്ത് റോഡിൽ ലാപ്ടോപ്പ് നഷ്ടപ്പെട്ടത്. ഇത് സംബന്ധിച്ച് തൊടുപുഴ ഉണ്ടപ്ലാവിൽ മുളക്കപ്പറമ്പിൽ മനാഫ് നൗഷാദ് മുട്ടം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിക്കാരന്റെ സഹായത്തോടെ പൊലീസ് വിവിധ സ്ഥലങ്ങളിലുള്ള സി .സി .റ്റി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധന നടത്തിയതിനെ തുടർന്ന് പ്രദേശത്തെ കോളേജിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾ റോഡിൽ വീണ് കിടക്കുന്ന ലാപ് ടോപ്പ് എടുത്ത് കൊണ്ട് പോകുന്നതായി കണ്ടെത്തി. പൊലീസ് പിടികൂടും ലാപ് ടോപ്പ് തിരികെ ഏല്പിക്കണം എന്ന് കോളേജ് അധികൃതരുടെ കർശന നിലപാടിനെ തുടർന്ന് വിദ്യാർത്ഥികൾ ലാപ് ടോപ്പ് മുട്ടം സ്റ്റേഷനിൽ ഏല്പിക്കുകയായിരുന്നു.