തൊടുപുഴ: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ കൊവിഡ് പ്രതിരോധ നിയമം പാലിക്കാൻ ആവശ്യപ്പെട്ട ഡ്യൂട്ടി ഡോക്ടറെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിനെതിനെ ശക്തമായി അപലപിക്കുന്നതായി കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി . കൊവിഡ് വ്യാപന സാദ്ധ്യത നിൽക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ രോഗികളെ സന്ദർശിക്കാൻ മാനദണ്ഡം പാലിച്ചും മാത്രമേ അനുവദിക്കാനാവൂ. കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെ നിരവധിയാളുകളുമായി വാർഡുകളിൽ കയറിയിറങ്ങി നടന്ന പഞ്ചായത്ത് മെമ്പറോട് ആശുപത്രിയിലെ നിയമം പാലിക്കണമെന്ന് ഡ്യൂട്ടി ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ അതിനു പകരമായി ഡോക്ടറോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായത്. തുടർന്ന് ഡോക്ടറെ പുറത്താക്കണം എന്നാവശ്യപ്പെട്ടു ഒരു യുവജന സംഘടനയുടെ പേരിലുള്ള പോസ്റ്റർ ആശുപത്രി പരിസരത്തും നെടുങ്കണ്ടം ടൗണിലും പ്രത്യക്ഷപ്പെടുന്ന സാഹചര്യവും ഉണ്ടായി. ആ സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഒരു ജനപ്രതിനിധിക്ക് കൊവിഡ് പോസിറ്റീവ് ആവുകയും ഒഴിവാക്കേണ്ട ആ സന്ദർശനം മൂലം ആശുപത്രി ജീവനക്കാരും ക്വാറന്റൈനിൽ പോകേണ്ടി വന്നതുമായ സാഹചര്യം ഡോക്ടറുടെ നിലപാട് ശരിവെക്കുന്നതാണ്. നിയമങ്ങൾ പാലിക്കണം എന്നു പറഞ്ഞതിന്റെ പേരിൽ ഡോക്ടർമാരെ വ്യാജപ്രചരണം നടത്തി അപമാനിക്കുക എന്നത് തികച്ചും ദൗർഭാഗ്യകരമാണെന്ന് കെ.ജി.എം.ഒ.എ അഭിപ്രായപ്പെട്ടു.