മറയൂർ: കൊവിഡ് പരത്തിയ ഭീതി ഒട്ടും ബാധിക്കാതെ തമിഴ്‌നാടിന്റെ വീരവിളയാട്ടായ ജല്ലിക്കെട്ട് നടന്നു. മധുരയിലെ ആവണിയാപുരം ജല്ലിക്കെട്ടാണ് ആവേശം ഒട്ടും ചോർന്ന് പോകാതെ നടക്കുന്നത്. തമിഴ്‌നാടിന്റെ വിവധ ഗ്രമങ്ങളിൽ നൂറ് കണക്കിന് ജല്ലിക്കെട്ട് മത്സരങ്ങളാണ് ഈ മാസം നടക്കുന്നത് ഇതിൽ ഏറ്റവും പ്രശസ്തമായവയാണ് മധുര ജില്ലയിലെ അളകനല്ലൂർ, ആവണിയാപുരം ജല്ലിക്കെട്ടുകൾ. ഇതിൽ ആവണിയാപുരം ജല്ലിക്കെട്ടിനാണ് ഇന്നലെ തുടക്കം കുറിച്ചത്. തമിഴ്‌നാട് സഹകരണ മന്ത്രി സെല്ലൂർ കെ .രാജു ഉദ്ഘാടനം ചെയ്തു. ജെല്ലിക്കെട്ടിനായി ഉപയോഗിക്കുന്ന 523 കാങ്കയം ഇനത്തിൽപ്പെട്ട കാളകളും ഇവയെ പിടികൂടുന്നതിനായി വിവിധ ടീമുകളിലായി 420 യുവാക്കളും പങ്കെടുത്തു. കാളകളെ പിടികൂടുന്നതിനായി മത്സരത്തിൽ പങ്കെടുത്ത 38 പേരും കാണികളായി എത്തിയ 8 പേരും ഉൾപ്പെടെ 46 പേർക്ക് പരിക്കേറ്റു. പിടികൂടപ്പെട്ട മൂന്ന് കാളകൾക്കും സാരമായി പരിക്കേറ്റു. സുപ്രീം കോടതിയുടെ മുൻ വർഷത്തെ ഉത്തരവ് പ്രകാരം രാവിലെ എട്ടുമണിമുതൽ വൈകുന്നേരം നാലുമണി വരെയാണ് ജല്ലിക്കെട്ട് മത്സരങ്ങൾ എട്ടു റൗണ്ടുകളായി നടത്തിയത്. 26 കാളകളെ പിടികൂടിയ മധുര മുത്തുപ്പെട്ടി ഗ്രാമം ടീമിന്റെ ക്യാപ്റ്റനായ തിരുനാവകരശ്, ജയ് ഹിന്ദ് പുരം ടീമിന്റെ ക്യാപ്റ്റൻ വിജയ എന്നിവരെ മത്സര വിജയികളായി പ്രഖ്യാപിച്ചു. തമിഴ് നാട് ജല്ലിക്കെട്ട് ഇളൈജർ പേരവയിൻ ടീം എത്തിച്ച കാർത്തികേയന്റെ ഉടമസ്ഥതയിലുള്ള വേലു എന്ന കാളയെ മികച്ച ജല്ലികട്ടുകാളായി തിരഞ്ഞെടുത്തു.
കൊവിഡ് സാഹചര്യത്തിൽ ജല്ലിക്കെട്ട് നിരോധിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും മത്സരത്തിൽ പങ്കെടുപ്പിക്കേണ്ട കാളകൾക്കും മത്സരത്തിൽ പങ്കെടുക്കുന്ന യുവാക്കളും പരിശീലനം മുടക്കിയിരുന്നില്ല. ദിവസങ്ങൾക്ക് മുൻപ് ജല്ലിക്കെട്ട് മുടക്കം കൂടാതെ നടക്കുമെന്ന് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചതും തീയറ്ററുകൾ തുറന്നതും തമിഴ്‌നാട്ടിലെ പൊങ്കൽ ആഘോഷങ്ങൾക് സജീവതയേകി.