amal-and-family

ഇടുക്കി: മന്ത്രി തോമസ് ഐസക് ബഡ്ജറ്റ് പ്രസംഗം അവസാനിപ്പിച്ച് ചൊല്ലിയ നാലുവരി കവിതയുടെ അലയൊലിലാണ് ഹൈറേഞ്ച്. ഇടുക്കി വന്യജീവി സങ്കേതത്തിലെ ആദിവാസി ഊരായ കണ്ണംപടിയിലെ ഷീറ്റ് മേഞ്ഞ രണ്ട് മുറി കുടിലിലാണ് ആ കവിത പറന്നത്. കണ്ണംപടി ഗവ. ട്രൈബൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദിവാസി ബാലൻ കെ.പി. അമലാണ് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കാനായി കാത്തിരിക്കുന്ന ആ കവി.

പക്ഷേ നിയമസഭയിൽ തന്റെ കവിത പെയ്തിറങ്ങിയപ്പോൾ കവി ഇതൊന്നും അറിയാതെ തന്റെ ക്ലാസിലായിരുന്നു. സ്കൂളിൽ ടി.വിയോ ഇന്റർനെറ്റോ ഇല്ലാത്തതിനാൽ അദ്ധ്യാപകരും വിവരമറിഞ്ഞില്ല. പാലായിലുള്ള അദ്ധ്യാപിക ഫോൺ വിളിച്ചപ്പോഴാണ് സ്കൂളിലുള്ളവർ വാർത്തയറിയുന്നത്. ഒരു വർഷം മുമ്പ് എഴുതിയ കവിതയായതിനാൽ അമലിനും ആദ്യം വിശ്വസിക്കാനായില്ല.​ പിന്നീട് അഭിനന്ദനപ്രവാഹമെത്തിയപ്പോൾ ഏറെ സന്തോഷമായി. കൈയെഴുത്ത് മാസികയായ ലിറ്റിൽ കൈറ്റ്‌സിനുവേണ്ടിയെഴുതിയ 'ഭൂമി പറയുന്നത്" എന്ന കവിതയിൽ നിന്നുള്ള അവസാനത്തെ നാലു വരികളാണ് ധനമന്ത്രി ചൊല്ലിയത്. ശക്തമായൊരു മഴ പെയ്താൽ നനയുന്ന പഴകിയ ഷീറ്റ് മേഞ്ഞ രണ്ട് മുറി കുടിലിലാണ് അച്ഛനും അമ്മയും ചേച്ചിയുമടങ്ങുന്ന അമലിന്റെ കുടുംബം കഴിയുന്നത്. മാതാപിതാക്കളായ കല്ലോലിക്കൽ പക്ഷജാക്ഷനും ശാരദയും കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. ഡിഗ്രി വിദ്യാർത്ഥിനി ആതിര സഹോദരിയാണ്. പത്താക്ലാസിലായതിനാൽ തത്കാലം കവിതയ്ക്ക് അവധി നൽകിയിരിക്കുകയാണെന്ന് അമൽ പറയുന്നു.

അമലിന്റെ കവിത

എവിടെയെൻ കിളികൾക്ക്

ചേക്കേറാൻ ഒരു ചില്ല..?​

ഉണ്ണികൾക്ക് നുകരാനൊരു മധുരക്കനി

എൻ തുമ്പി കിടാങ്ങൾക്കു

കളിയൂഞ്ഞാലിടാനൊരു

തുമ്പക്കുടവുമിന്നെവിടേ..?​

എവിടെയെൻ വയലേലകൾ

വിത്തും കൈക്കോട്ടും പാട്ടും

ഞാറ്റുവേല കിളികൾ

ഒരു കൊയ്ത്തു പാട്ടിനീണം...

ഞാനൊന്ന് മയങ്ങട്ടെ

മെല്ലെയെൻ സ്വപ്നങ്ങൾക്കു

ചിറകുകൾ മുളയ്ക്കട്ടെ

ഉയരട്ടെ അതിലൊരു മനോജ്ഞമാം

നവയുഗത്തിന്റെ പ്രഭാത ശംഖൊലി...

താരമായി ആദിത്യയും

ബഡ്ജറ്റ് പ്രസംഗത്തിൽ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ഭാഗത്ത് ഇടുക്കി ഇരട്ടയാർ സെന്റ്. തോമസ് എച്ച്.എസ്.എസിലെ പ്ലസ്‌വൺ വിദ്യാർത്ഥി ആദിത്യ രവിയുടെ കവിതയും ധനമന്ത്രി ചൊല്ലി. അതിക്രമങ്ങൾക്കെതിരെ ശിരസുയർത്തി നിൽക്കുന്ന സ്ത്രീയുടെ അന്തസിന്റെ മുഴക്കമാണ് ആദിത്യയുടെ വരികളെന്ന് മന്ത്രി പറഞ്ഞു. ആദിത്യ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിയ കവിതയിലെ വരികളാണിത്. ഇരട്ടയാർ ടണൽ സൈറ്റ്‌ മുത്തുവേലിൽ രവിയുടെയും വസന്തയുടെയും മകളാണ്. സഹോദരി അക്ഷയ ഇതേ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.