ചെറുതോണി:ഇ സി എച്ച് എസ് പോളിക്ലിനിക്ക് പുതിയ കെട്ടിട ഉദ്ഘാടനം 27 ന് രാവിലെ 11 ന് സതേൺ നേവൽ കമ്മാൻഡ് വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പാറേമാവിൽ അനുവദിച്ച 30 സെന്റ് സ്ഥലത്താണ് കേന്ദ്ര പ്രതിരോധ വകുപ്പ് ഒന്നര കോടി മുടക്കി പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ജില്ലയിലെ വിമുക്തഭടൻമാരുടെയും അവരുടെ ആശ്രിതരുടെയും ചികിത്സാർത്ഥം 2013ൽ പൈനാവിലെ പി ഡബ്ലു ഡി കെട്ടിടത്തിലാണ് ഇ സി എച്ച് എസ് പ്രവർത്തനമാരംഭിച്ചത്. 2010 ലെ സർക്കാർ ഉത്തരവ് പ്രകാരം പോളിക്ലിനിക്കിന് അനുവദിച്ച ഭൂമി 2014 ൽപ്രതിരോധ വകുപ്പിന് കൈമാറി. 2016ൽ കെട്ടിടത്തിന് തറക്കല്ലിട്ടു. ഇടുക്കി മെഡിക്കൽ കോളേജിനോടും ജില്ലാ ആയുർവ്വേദ ആശുപത്രിയോടും ചേർന്നാണ് കെട്ടിടം പണി കഴിപ്പിച്ചിട്ടുള്ളത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉദ്ഘാടന ചടങ്ങ് നടത്തുകയെന്ന് കേരള സ്റ്റേറ്റ് എക്‌സ് സർവ്വീസ് മെൻ ആന്റ് വിഡോസ് വെൽഫയർ അസോസിയേഷൻ ഭാരവാഹികളായ ജോസ് പടിഞ്ഞാറേൽ, ജിജി കാട്ടാം കോട്ടിൽ എന്നിവർ അറിയിച്ചു.