തൊടുപുഴ: കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകളുടെ പ്രസക്തിയും വ്യാപ്തിയും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഡിജിറ്റൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് അദ്ധ്യാപകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി സമഗ്രശിക്ഷ കേരള ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഓൺലൈൻ പരിശീലന പദ്ധതിയായ ''ഡിജിഫിറ്റിന് '' ജില്ലയിൽ തുടക്കമായി. വിവിധ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളുടെ കീഴിൽ വരുന്ന ആവശ്യമായ മുഴുവൻ അദ്ധ്യാപകർക്കും പരിശീലനം നൽകുന്നതിനുള്ള ഡി.ആർ.ജി പരിശീലനം ജില്ലയിൽ പൂർത്തിയായി. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് പരിശീലനം ഉദ്ഘാടനം ചെയ്തു. വീഡിയോ എഡിറ്റിംഗ്, ഓഡിയോ എഡിറ്റിംഗ്, യൂ ട്യൂബ് ചാനൽ, ഗൂഗിൾ സൈറ്റ്‌സ്, സമഗ്ര പോർട്ടൽ, സൈബർ നിയമങ്ങൾ എന്നിങ്ങനെ ഡിജിറ്റൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ കാര്യങ്ങൾ അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനുള്ള സമഗ്രമായ ഓൺലൈൻ പരിശീലന പദ്ധതിയാണ് ''ഡിജിഫിറ്റ്''. പരിശീലനം ആവശ്യമുള്ള അധ്യാപകർ ഓൺലൈനായിട്ടാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് എല്ലാ സ്‌കൂളുകളിലേക്കും അയച്ചു നൽകുന്നതാണന്ന് സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ബിന്ദുമോൾ ഡി അറിയിച്ചു. ജില്ലയിലെ മുഴുവൻ അദ്ധ്യാപകർക്കും അദ്ധ്യാപന പ്രക്രിയയിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് പ്രാപ്തരാക്കി സമ്പൂർണ ഡിജിഫിറ്റ് ജില്ലയായി ഇടുക്കിയെ മാറ്റുക എന്നുള്ളതാണ് പദ്ധതിയുടെ ലക്ഷ്യം.