നെടുങ്കണ്ടം : മുമ്പ് പ്രഖ്യാപിച്ച 5000 കോടി പാക്കജിനെപ്പറ്റി ഒരക്ഷരം പറയാതെയും ഏലം, കുരുമുളക്, ഉൾപ്പെടെയുള്ള നാണ്യവിളകൾക്ക് താങ്ങുവില പോലും പ്രഖ്യാപിക്കാത്തതുമായ സംസ്ഥാന ബഡ് ജറ്റിൽ ജില്ലയിലെ കർഷകരെ അവഗണിച്ചുവെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.
പ്രളയ ദുരന്തങ്ങളു , കാലാവസ്ഥാ വ്യതിയാനവും കൊവിഡ് മഹാമാരിയും മൂലം അരക്ഷിതാവസ്ഥയിലായ ജില്ലയിലെ കർഷകരുടെ വായ്പകൾ എഴുതിതള്ളണമെന്ന ആവശ്യം പരിഗണിച്ചില്ലായെന്നു മാത്രമല്ല പലിശപോലും ഒഴിവാക്കിയിട്ടില്ല. ടൂറിസം മേഖലയ്ക്ക് ഉത്തേജക പാക്കേജ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.വന്യമൃഗ അക്രമണം തുടർച്ചയാവുന്ന ജില്ലയിൽ ഇക്കാര്യത്തിനായി ഒന്നും മാറ്റിവച്ചിട്ടില്ല. തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് ലൈഫ് പദ്ധതിയിൽപ്പെടുത്തി വീട് നൽകുമെന്ന് പറഞ്ഞത് വെറും പ്രഖ്യാപനം മാത്രമായി മാറി.
കൃഷിവിളകളുടെ രോഗകീട ബാധയും ഉത്പ്പന്നങ്ങൾ വിറ്റഴിക്കുമ്പോൾ ഇടനിലക്കാരുടെ ചൂഷണവും തടയാൻ ഒരു പദ്ധതിയുമില്ല. വയനാട് ജില്ലയിലെ കാപ്പികർഷകർക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചപ്പോൾ അതേപോലെ തന്നെ കാപ്പി ഉത്പ്പാദനം നടക്കുന്ന ഇടുക്കി ജില്ലയെ ഒഴിവാക്കി. മൂന്നാറിലെ ട്രെയിൻ യാത്രയെന്ന സ്വപ്‌നത്തിനു ബജറ്റിൽ ഇടം നൽകിയത് പ്രാഥമിക സർവ്വെ പോലും നടത്താതെയാണ്. കേവലം പാക്കേജുകൾക്കപ്പുറം തേക്കടി, വാഗമൺ, രാമക്കൽമേട്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ ടൂറിസം മേഖലയ്ക്ക് പുതുതായി ഒരു പദ്ധതിപോലുമില്ല.