തിരുവനന്തപുരം : ഇടുക്കിയുടെ അടിസ്ഥാന സൗകര്യവികസനത്തിനും കാർഷികമേഖലയ്ക്കും ജില്ലയിൽ ടൂറിസം സാദ്ധതകൾ പ്രയോജനപ്പെടുത്തുന്നതിനും ശ്രദ്ധപതിപ്പിച്ചിട്ടുള്ള ബജറ്റ് ജില്ലയുടെ സമഗ്രവികസനത്തിന് വഴിതെളിക്കുമെന്ന് റോഷി അഗസ്റ്റിൻ എം.എൽഎ.

1000 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുതിയ സാമ്പത്തിക വർഷത്തിൽ ഏറ്റെടുക്കുന്നത്. നിലവിൽ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനായി ചെലവഴിക്കുന്ന 245 കോടി രൂപയുടെ പുറമെയാണിത്. ഇടുക്കി മെഡിക്കൽ കോളേജ് കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തികരിച്ച് ആവശ്യമായ ജീവനക്കാരെ നിയമിക്കുമെന്നും കൂടുതൽ സ്‌പെഷ്യാലിറ്റി സർവ്വീസുകൾ ഏർപ്പെടുത്തുമെന്നുമുള്ള പ്രഖ്യാപനം പുതിയ അധ്യയന വർഷത്തിൽ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എം.സി.ഐ. മാനദണ്ഡം അനുസരിച്ചുള്ള വിദ്യാർത്ഥി പ്രവേശനത്തിന് സാധ്യമാക്കുന്നതൊടൊപ്പം രോഗികൾക്ക് മികച്ച ചികിത്സാ സൗകര്യം ഏർപ്പെടുത്താനാകും.
ഇടുക്കിയിൽ കാർഷിക സംസ്‌ക്കരണ വ്യവസായങ്ങൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം തേയില, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളുടെയും ചക്കപോലുള്ള പഴവർഗ്ഗങ്ങളുടെയും കൃഷിയിലേർപ്പെട്ടിരിക്കുന്ന കർഷകർക്കും ക്ഷീര കാർഷിക മേഖലയുടെയും സമഗ്രവികസനത്തിന് വഴിയൊരുക്കുന്നതാണെന്ന് എംഎൽഎ പറഞ്ഞു.