ഇടുക്കി: മൂന്നാറിലെ മഞ്ഞ് പുതച്ച തേയിലത്തോട്ടങ്ങളുടെയും മലനിരകളുടെയും ഭംഗി ഇനി ചൂളം വിളിയുടെ അകമ്പടിയോടെ ആസ്വദിക്കാനായേക്കും. മൂന്നാറിൽ പൈതൃക തീവണ്ടി സർവീസ് ആരംഭിക്കുമെന്ന ബഡ്ജറ്റിലെ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ജില്ലയിലെ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ കാണുന്നത്. ഇതുമായി സഹകരിക്കാനും ഭൂമി വിട്ടുനൽകാനും ടാറ്റ കമ്പനി താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് ബഡ്ജറ്റ് അവതരണത്തിൽ മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ സാധ്യതകളെ കുറിച്ച് പഠിക്കാനായി റെയിൽവേ വികസന കോർപറേഷന്റെയും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ഒക്‌ടോബറിൽ മൂന്നാർ സന്ദർശിച്ചിരുന്നു. മുമ്പ് റെയിൽവേ സ്റ്റേഷൻ ആയിരുന്ന പിന്നീട് കെ.ഡി.എച്ച്.പി ആഫിസായി മാറിയ റീജണൽ ആഫീസ് മുതൽ മാട്ടുപ്പെട്ടി വരെ നിർദിഷ്ട പാതയിൽ പരിശോധന നടത്തിയിരുന്നു. 97 വർഷങ്ങൾക്ക് മുമ്പ് നിലച്ച മൂന്നാർ- മാട്ടുപ്പെട്ടി മോണോ റെയിൽ വീണ്ടും ആരംഭിക്കുകയാണ് ലക്ഷ്യം. മലകൾ തുരന്നും ചെകുത്തായ താഴ്‌വരകളിലൂടെയും കടന്നുപോകുന്ന ലോക പൈതൃക റെയിൽവേയിൽ ഇടം പിടിച്ച ഡാർജിലിങ് ട്രെയിൻ സർവീസ് മാതൃകയാണ് മൂന്നാറിലും പരീക്ഷിക്കുന്നത്. കുണ്ടളവാലിയിലൂടെ പോകുന്ന റെയിൽവേ ലൈനിന്റെ അഞ്ച് കിലോമീറ്റർ ദൂരം ആദ്യഘട്ടമായി നവീകരിക്കും. പഴയ റെയിൽവേ പാതയ്ക്ക് 35 കിലോമീറ്ററാണ് ദൈർഘ്യം. പദ്ധതിയുടെ ആദ്യഘട്ടം വിജയമായാൽ പഴയ പാത പൂർണമായും പുനരുജ്ജീവിപ്പിക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.
പ്രളയം തകർത്ത പാത
1902ൽ ബ്രിട്ടീഷുകാരാണ് മൂന്നാർ – മാട്ടുപ്പെട്ടി മോണോ റെയിൽ പാത നിർമിച്ചത്. തേയിലയും മറ്റ് ചരക്കുകളും മാട്ടുപ്പെട്ടിയിലും അവിടെ നിന്ന് തൂത്തുക്കുടി തുറമുഖത്തും എത്തിക്കാനുള്ള എളുപ്പ മാർഗമായിരുന്നു ഇത്. 1908ൽ ആവി എൻജിനുകൾ ഉപയോഗിച്ചുള്ള തീവണ്ടി, പാതയിലൂടെ ഓടിച്ചുതുടങ്ങി. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതിചെയ്തതായിരുന്നു ഈ തീവണ്ടി. 1924 വരെ ഇത് പ്രവർത്തിച്ചു. 1924ലെ പ്രളയത്തിലാണ് ഇതു നശിച്ചത്.