തൊടുപുഴ: ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റ് ഇംഗ്ലീഷ് പ്രസംഗത്തിന്റെ കവർചിത്രം വരച്ചത് ഇടുക്കിക്കാരിയായ വിദ്യാർത്ഥിനി. വഴിത്തല ശാന്തിഗിരി കോളജിൽ ബി.എ ആനിമേഷൻ വിദ്യാർത്ഥിനിയുടെ ചിത്രമാണ് പുറംചട്ടയിൽ ഉപയോഗിച്ചിരിക്കുന്നത്. കുടയത്തൂർ ഗവ. എച്ച്.എസ്.എസിൽ പ്ലസ് ടു വിദ്യാർത്ഥിനിയായിരിക്കുമ്പോൾ വരച്ച ചിത്രമാണിത്. കുട്ടിക്കാലം മുതൽ മനോഹരമായി ചിത്രങ്ങൾ വരയ്ക്കുന്ന ശ്രീനന്ദനയുടെ ചിത്രങ്ങൾ അമ്മ ആർ.ബിനു ഫേസ് ബുക്കിൽ പോസ്റ്റു ചെയ്യാറുണ്ടായിരുന്നു. ഇത് ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.എ. ഗോപകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ഇത് അയച്ച് തരാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ബഡ്ജറ്റ് അവതരണത്തിന്റെ തലേന്നാണ് ചിത്രം കവർപേജിൽ ഉൾപ്പെടുത്തിയ കാര്യം ശ്രീനന്ദന അറിയുന്നത്. കുട ചൂടി പുറംതിരിഞ്ഞിരിക്കുന്ന പെൺകുട്ടിയുടെ അക്രിലിക്കിൽ വരച്ച ചിത്രമാണ് ബഡ്ജറ്റ് പ്രസംഗത്തിന്റെ പുറംചട്ടയിൽ ഇടം നേടിയത്. ബഡ്ജറ്റ് പ്രസംഗത്തിനിടയിൽ മന്ത്രി തോമസ് ഐസക് ശ്രീനന്ദനയുടെ പേര് എടുത്തു പറയുകയും ചെയ്തിരുന്നു. പിന്നീട് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലും നന്ദനയുടെ കാര്യം പറഞ്ഞു. ചെറുപ്പം മുതൽ പെയിന്റിംഗിൽ താത്പര്യം പ്രകടിപ്പിക്കുന്ന ശ്രീ നന്ദന വാട്ടർ കളർ, അക്രിലിക്, ക്രയോൺസ് എന്നിവ ഉപയോഗിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. ചിത്രം വര കൂടാതെ മനോഹരമായി ഗാനം ആലപിക്കുകയും സംഗീതോപകരണങ്ങൾ വായിക്കാനും നന്ദനയ്ക്കറിയാം. ജാപ്പനീസ്, ഫ്രഞ്ച്, ഇറ്റാലിയൻ, പോളിഷ്, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളും ഈ മിടുക്കിക്ക് വശമുണ്ട് . ശ്രീ നന്ദനയുടെ അമ്മ ആർ. ബിനു കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്ററാണ്.