നിരവധി മെഗാ ഹിറ്റുകൾ ഒരുക്കി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച സംവീധായകൻ ഷാഫിയുടെ ആദ്യ സംരഭമായ വൺമാൻഷോ മുതൽ പിന്നീടുള്ള മിക്ക സിനിമകളും ക്രിസ്തുമസ് റീലീസായിട്ടാണ് തീയേറ്ററുകളിൽ എത്തിയത്. ഇത് സംബന്ധിച്ച് ഷാഫി കേരള കൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.
തെങ്കാശിപ്പട്ടണം സിനിമയുടെ ഫൈനൽ ഷെഡ്യൂൾ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് റാഫീക്കാനോട് ക്യാമറമാൻ സാലു ജോർജ് ചോദിച്ചു 'എന്താണ് അടുത്ത പരിപാടി' എന്ന്. അപ്പോൾ തൊട്ടടുത്ത് നില്ക്കുന്ന എന്നെ നോക്കി റാഫീക്ക പറഞ്ഞു 'ഇവന് വേണ്ടി ഒരു സ്ക്രിപ്‌ട് എഴുതണം' എന്ന്. അപ്പോഴാണ് ഞാൻ സംഭവം അറിയുന്നത് തന്നെ. അന്ന് തെങ്കാശിപ്പട്ടണം സിനിമയുടെ അസോസിയേറ്റ് ഡയറക്ടറാണ് ഞാൻ. ഇതെല്ലാം കേട്ട് ഗിരീഷ് വൈക്കം അവിടെ നിന്നിരുന്നു. അന്ന് വൈകിട്ട് റൂമിലെത്തിയപ്പോൾ ഗിരീഷ് വൈക്കം ജയറാമേട്ടനെ വിളിക്കുകയും ജയറാമേട്ടൻ ഓക്കെ പറയുകയും ചെയ്‌തു. തുടർന്ന് ലാലേട്ടൻ (സിദ്ധീഖ് ലാൽ) ഡിസ്റ്റ്ട്രിബ്യൂഷൻ ഏറ്റെടുത്ത് അടുത്ത ദിവസം അത് പ്രോജക്ടായി.
2000 ൽ ക്രിസ്തുമസ് റീലീസായി തെങ്കാശിപ്പട്ടണം തീയേറ്ററുകളിൽ എത്തുകയും മെഗാ ഹിറ്റാവുകയും ചെയ്തു.തെങ്കാശിപ്പട്ടണത്തിന്റെ തിരക്കെല്ലാം കഴിഞ്ഞ് റാഫി ഇക്കയും മെക്കാർട്ടിൻ ചേട്ടനും ഫ്രീ ആയി ഏപ്രിൽ, മെയ് മാസങ്ങളിലാണ് വൺമാൻ ഷോയ്ക്ക് വേണ്ടി ഇരിക്കുന്നത്. നാല് മാസങ്ങൾ കൊണ്ട് സെപ്‌തംബറിൽ സ്ക്രിപ്‌ട് പൂർത്തിയാക്കി ക്രിസ്തുമസിന് റീലീസ് ചെയ്യാനുള്ള പ്ലാനിംഗ് അപ്പോൾ തന്നെ നടത്തി. തുടർന്ന് മഴക്കാലത്തിന് ശേഷം ഷൂട്ടിംഗ് പൂർത്തിയാക്കി എന്റെ ആദ്യ സിനിമ വൺമാൻഷോ 2001ൽ ക്രിസ്‌തുമസ് റിലീസായി തീയേറ്ററുകളിൽ എത്തി. പിന്നീട് അടുത്ത സിനിമയായ കല്ല്യാണരാമന് വേണ്ടി ഇരിക്കുന്നത് ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ്. അഞ്ചാറ് മാസത്തെ സ്ക്രിപ്‌ടിന് ശേഷം; മഴക്കാലം കഴിഞ്ഞ്; സെപ്തംബറിൽ ഷൂട്ടിംഗ് ആരംഭിച്ച്; 2002 ൽ ക്രിസ്തുമസ് റീലീസായിട്ടാണ് കല്ല്യാണരാമനും തീയേറ്ററുകളിൽ എത്തിയത്. ഇതേ പാറ്റേണിൽ പ്ലാൻ ചെയ്താണ് പുലിവാൽ കല്ല്യാണവും 2003 ലെ ക്രിസ്തുമസ് റീലീസായത്.
2004 ൽ മറ്റൊരു പ്രോജക്ട് വന്നെങ്കിലും മമ്മൂക്ക പടത്തിന് വേണ്ടി ഞാൻ വെയ‌്റ്റ് ചെയ്‌തു. ഇതേ തുടർന്ന് 2005 മാർച്ചിൽ വിഷു റീലീസായി തീയേറ്ററിൽ എത്തിയതാണ് തൊമ്മനും മക്കളും. പിന്നീട് വന്നത് തമിഴ് സിനിമ മജയാണ്. അതിന് ശേഷം ഒരു വർഷത്തെ ഗ്യാപ് വന്നു. മമ്മൂക്ക പടം മായാവി 2006ൽ ക്രിസ്തുമസ് റീലീസായി പ്ലാൻ ചെയ്‌തെങ്കിലും മമ്മൂക്കയുടെ മറ്റൊരു സിനിമയുമായി ഡേറ്റിന്റെ ചെറിയ ഒരു പ്രശ്‌നം വന്നു. ഇതേ തുടർന്ന് മായാവി 2007 ഫെബ്രുവരിയിലാണ് തീയേറ്ററുകളിൽ എത്തിയത്. ഇതേവർഷം സെപ്‌തംബറിലാണ് ചോക്ലേറ്റ് റീലീസാവുന്നത്. 2008 ൽ ലോലിപോപ്പും 2009 ൽ ചട്ടമ്പിനാടും 2010 ൽ മേരിക്കുണ്ടൊരു കുഞ്ഞാടും ഓരോ വർഷവും ക്രിസ്തുമസ് റീലീസായിട്ടാണ് തീയേറ്ററുകളിൽ എത്തിയത്. പിന്നീട് 2011 ഫെബ്രുവരിയിൽ മേക്കപ്പ്മാനും അതേ വർഷം ക്രിസ്‌തുമസിന് വെനീസിലെ വ്യാപാരിയും റീലീസായി. 2012 ക്രിസ്തുമസിന് 101 വെഡിംഗ്സ്; 2015 ക്രിസ്തുമസിന് 2 കൺട്രീസ്; 2017 സെപ്‌തംബറിൽ ഷെർലക് ടോംസ്; 2018 ജൂലായിൽ ഒരു പഴയ ബോംബ് കഥ; 2019 ജൂണിൽ ചിൽഡ്രൻസ് പാർക്ക് എന്നിങ്ങനെയാണ് എന്റെ സിനിമകൾ തീയേറ്ററുകളിൽ എത്തിയത്.
എന്റെ സിനിമകളിൽ മിക്കതും ഓരോ വർഷത്തേയും ക്രിസ്തുമസ് നാളുകളിലാണ് തീയേറ്ററുകളിൽ എത്തിയത്. ഇതൊക്കെ മനപ്പൂർവ്വം സൃഷ്ടിക്കുന്ന കാര്യങ്ങളല്ല; ഓരോ സമയങ്ങളിലും സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഓരോ സിനിമയുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്ക ചർച്ചകൾ, സ്ക്രിപ്‌ട് എഴുതാനുള്ള സമയം, ഷൂട്ടിംഗ്, പോസ്റ്റ്‌പ്രൊഡക്ഷൻ വർക്കുകൾ, മാർക്കറ്റിംഗ്, റീലീസ് ചെയ്യാനുള്ള സാഹചര്യം ... ഇത്തരം പ്രോസസിലൂടെ കടന്ന് പോയി സിനിമ തീയേറ്ററുകളിൽ എത്തുന്നത് ഭൂരിഭാഗവും സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളാണ്; അതാണ് എന്റെ സിനിമകളിലും സംഭവിക്കുന്നത്'. ഷാഫി പറഞ്ഞവസാനിപ്പിച്ചു.
മെഗാസ്റ്റാർ മമ്മൂട്ടിക്ക് കോമഡിയുടെ ട്രാക്കും സാധിക്കും എന്ന് തെളിയിച്ച ഷാഫി എന്ന ക്രാഫ്റ്റ് മാൻ ഒരു തമിഴ് സിനിമ ഉൾപ്പടെ 17 സിനിമകളാണ് സംവീധാനം ചെയ്തിട്ടുള്ളത്. മറ്റൊരു മെഗാ ഹിറ്റ് ഒരുക്കുന്നതിന്റെ പണിപ്പുരയിലാണ് ഷാഫിയും കൂട്ടരും.