ചെറുതോണി: സംസ്ഥാന ബഡ്ജറ്റ് ജില്ലയിൽ കെ എസ് ആർ ടി സി ക്ക് മുന്നേറ്റത്തിന് കുതിപ്പേകുമെന്ന് കെ എസ് ആർ ടി സി ഡയറക്ടർ സി .വി .വർഗീസ് പറഞ്ഞു. കട്ടപ്പന, കുമളി, നെടുംങ്കണ്ടം, മൂന്നാർ, ഡിപ്പോകൾക്ക് ബഡ്ജറ്റിൽ തുക നീക്കി വച്ചിട്ടുണ്ട്. മൂന്നാറിൽ വിനോദ സഞ്ചാര മേഖലയുമായി ചേർന്ന് തയ്യാറാക്കിയിട്ടുള്ള പദ്ധതി വലിയ തോതിൽ വിജയിക്കും. കഴിഞ്ഞ നാലര വർഷം കൊണ്ട് നിരവധി ഗ്രാമീണ സർവ്വീസുകൾ ജില്ലയിൽ ആരംഭിക്കാൻ കഴിഞ്ഞു. റീബിൽഡ് കേരളയിൽ ഗ്രാമീണ റോഡുകൾ പുനരുദ്ധരിപ്പിച്ചതിനാൽ കൂടുതൽ ഉൾപ്രദേശങ്ങളിലേക്ക് സർവ്വീസ് ആരംഭിക്കാനായി .കേന്ദ്രീകൃത വർക്ക് ഷോപ്പു സമ്പ്രദായത്തിൽ മാറ്റം വരുത്തുകയാണെന്നും, ജില്ലയിൽ സർവ്വീസ് നടത്തുന്ന വാഹനങ്ങൾ ജില്ലയിൽ തന്നെ അറ്റകുറ്റപണികൾ നടത്തുന്നതിനായി സംവിധാനം ഒരുക്കുകയാണ്. തൊടുപുഴയിലും കുമിളിയിലും ഉടൻ വർക്കുഷോപ്പ് പ്രവർത്തനം ആരംഭിക്കും. തൊടുപുഴ ഡിപ്പോ ഈ സർക്കാരിന്റെ കാലത്തുതന്നെ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സി. വി. വർഗീസ് വ്യക്തമാക്കി.