തൊടുപുഴ: ജില്ലയിലെ രണ്ടാമത്തെ കേന്ദ്രീയ വിദ്യാലയം അടുത്ത അദ്ധ്യയന വർഷം മൂലമറ്റം
ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ താൽക്കാലികമായി ആരംഭിക്കുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. ഇതു സംബന്ധിച്ച് തൊടുപുഴ താലൂക്ക് ഓഫീസിൽ ചേർന്ന ആലോചനാ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിങ്കുന്നം വില്ലേജിലെ മ്രാലയിൽ സ്‌കൂളിന് വേണ്ടി കണ്ടെത്തിയ 12 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള സർവ്വെ ആരംഭിച്ചു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനവും കെട്ടിട നിർമ്മാണവും ഏകോപിപ്പിക്കുന്നതിന് നിർവ്വാഹക സമിതിയെ യോഗം തെരഞ്ഞെടുത്തു. ജി എസ് റ്റി അസി. കമ്മിഷണർ ബിജു പോൾ അദ്ധ്യക്ഷനായ ഏഴംഗ സമിതിയെയാണ് തെരഞ്ഞെടുത്തത്. റബ്ബർ ബോർഡിലെ നൈസി തോമസാണ് വൈസ് പ്രസിഡന്റ്. സർവ്വീസ് സംഘടനാ പ്രതിനിധികളായ ബിജു സെബാസ്റ്റ്യൻ, കെ.എസ് രാജേഷ്, രാജേഷ് ബേബി, സാജൻ വി.കെ, അജേഷ് വി.സി എന്നിവർ അംഗങ്ങളാണ്. പി.ജെജോസഫ് എം.എൽ.എ, ജില്ലാ കളക്ടർ എച്ച് ദിനേശൻ, അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് .വിനോദ് ,മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജു ജോമോൻ, തൊടുപുഴ തഹസീൽദാർ ജോസുകുട്ടി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.