തൊടുപുഴ :ഹരിത ഓഡിറ്റിംഗിൽ 100 മാർക്കും ലക്ഷ്യമിട്ട് ജൈവമാലിന്യ പരിപാലന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് വിവിധ ഓഫീസുകൾ. ജൈവ,അജൈവ മാലിന്യങ്ങൾ വേർതിരിച്ചും ഉറവിടത്തിൽത്തന്നെയും സംസ്‌കരിക്കുന്നതിന് സംവിധാനമൊരുക്കുന്നതിലൂടെ നല്ല മാർക്ക് സ്‌കോർ ചെയ്യാം. മിക്ക ഓഫീസുകളും പ്ലാസ്റ്റിക്കുകളും മറ്റും വേർതിരിച്ച് ശേഖരിക്കാൻ പ്രത്യേകം ബിന്നുകൾ സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ ഭക്ഷണാവശിഷ്ടമുൾപ്പടെയുള്ള ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് സ്ഥിരം സംവിധാനമില്ല. ഇത് മാർക്ക് കുറയ്ക്കുമെന്ന് മനസ്സിലാക്കിയാണ് കമ്പോസ്റ്റ് പിറ്റും സോക്ക് പിറ്റുമൊക്കെ സ്ഥാപിക്കുന്നത്. ബി ഗ്രേഡുകൾ നടിയ വിവിധ ഓഫീസുകൾ കമ്പോസ്റ്റ് പിറ്റുകൾ സ്വന്തമായുണ്ടാക്കി എഗ്രേഡ് സ്വന്തമാക്കി.
ആലക്കോട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് വേണ്ടി തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളാണ് എയ്‌റോബിക് കമ്പോസ്റ്റും സോക്ക് പിറ്റും നിർമ്മിച്ചത്. ഇടവെട്ടി, പുറപ്പുഴ പഞ്ചായത്തുകളും ഉറവിട മാലിന്യ സംവിധാനങ്ങളൊരുക്കി ഹരിതാഭ വിലയിരുത്തൽ പരീക്ഷയിൽ എഗ്രേഡ് ഉറപ്പാക്കി.തൊടുപുഴ ബ്ലോക്കിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളും സ്ഥാപനങ്ങളും മികച്ച നിലവാരം പുലർത്തുന്നുണ്ടെന്ന് ഹരിത ഓഡിറ്റ് ടീം വ്യക്തമാക്കി.
ജില്ലയിലെ പ്രധാന ഓഫീസുകളായ കളക്ടറേറ്റ്,ജില്ലാ പ്ലാനിംഗ് ഓഫീസ് ,ജില്ലാ മെഡിക്കൽ ഓഫീസ്,ഹരിതകേരളം മിഷൻ ഓഫീസ്,ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിക്‌സ് ഓഫീസ്, പൊതുമരാമത്ത് (റോഡ്‌സ്, ബിൽഡിംഗ് ,ഇലക്ട്രിക്കൽ) ഓഫീസുകൾ,സബ്ട്രഷറി എന്നിവിടങ്ങളിലും ഹരിത ഓഡിറ്റിംഗ് പൂർത്തിയാക്കി.