മൂലമറ്റം: ചരിത്രമുറങ്ങുന്ന കരിപ്പലങ്ങാട് കക്കാട്ട് ഗുഹയോട് അധികൃതർക്ക് അവഗണന. ചരിത്രാന്വാഷികൾക്കും വിനോദസഞ്ചാരികൾക്കുമടക്കം ഏറെ കൗതുകം പകരേണ്ട ഗുഹയാണ് സംരക്ഷിക്കപ്പെടാതെ കിടക്കുന്നത്. തൊടുപുഴയിൽ നിന്നും കുളമാവിലേക്കുള്ള യാത്രയ്ക്കിടയിൽ കരിപ്പലങ്ങാട് ഇറങ്ങി കാലൻമാരിക്കുള്ള വഴിയേ മൂന്നുകിലോമീറ്റർ നടന്നാൽ കക്കാട്ട് ഗുഹയിലെത്താം.
പതിനഞ്ച് മീറ്റർ നീളമുള്ള ഗുഹയിൽ പ്രവേശിക്കുകയും കാഴ്ചകൾ കാണുകയും ചെയ്യാം. എന്നാൽ കാഴ്ചകൾ കാണാൻ ഗുഹക്കുള്ളിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കണം. ഇവിടേക്കെത്താനുള്ള റോഡിന്റ പണിയും പൂർത്തീകരിക്കേണ്ടതുണ്ട്. കരിപ്പിലങ്ങാട് നിന്ന് മൂന്നുകിലോമീറ്റർ കുത്തനെ ഇറക്കമെങ്കിൽ പൂച്ചപ്ര ദേവര്പാറയിൽ നിന്ന് മൂന്നുകിലോമീറ്റർ കുത്തനെ കയറ്റമാണ് ഇവിടേക്കുള്ള വഴി. ഒരുകിലോമീറ്ററിൽ കൂടുതൽ മൺറോഡിലൂടെ യാത്രചെയ്യണം. ഇതു കൂടി കോൺക്രീറ്റ് ചെയ്താൽ ഇരുചക്ര വാഹനങ്ങൾക്കും ജീപ്പുകൾക്കും ഇവിടേക്കെത്താം. വെള്ളിയാമറ്റം പഞ്ചായത്താണ് നടപടി എടുക്കേണ്ടത്.ഗുഹയുടെ സംരക്ഷണം പൂർണമായും പുരാവസ്തു വകുപ്പിന് കൈമാറി സംരക്ഷിക്കുന്നതിൽ കാലതാമസം വരുത്തരുതെന്നും നാട്ടുകാർ പറയുന്നു. ഇപ്പോൾ ഈ ഗുഹ സംരക്ഷിക്കുന്നത് സഹോദരൻമാരായ കോണിപ്ലാക്കൽ ബിജു, മോഹനൻ എന്നിവരാണ്. ജനപ്രതിനിധികൾ ഇടപെട്ട് ഈ ഗുഹ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും ഇവിടെ വൈദ്യുതി എത്തിച്ച് ജനങ്ങൾക്ക് കാണാൻ അവസരമൊരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
രാജാവിന് അഭയമേകി
ചരിത്രത്താളിൽ ഇടംകണ്ടു
തൊടുപുഴ കാരിക്കോട് ആസ്ഥാനമായുണ്ടായിരുന്ന വടക്കുംകൂർ രാജാവ് ബ്രിട്ടീഷുകാരുടെ പിടിയിൽ അകപ്പെടാതിരിക്കാൻ ഇവിടെയാണ് ഒളിവിൽ കഴിഞ്ഞതെന്ന് പഴമക്കാർ പറയുന്നു.
പണ്ട് വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം കിട്ടാൻ അരയവിഭാഗത്തിൽപ്പെട്ട മൂന്ന് കുടുംബങ്ങൾ ഈ ഗുഹയിലാണ് കഴിഞ്ഞിരുന്നത്. ഇവർ രാജാവിന് താമസിക്കുന്നതിനായി മാറികൊടുക്കുകയും രാജാവിന് സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്തതായി ഐതീഹ്യം പറയുന്നു. രാജാവിന് ഭക്ഷണം എത്തിച്ചേരുന്ന ആളെ ബ്രിട്ടീഷുകാർ പിടികൂടുകയും ഒളിയിടം തിരിച്ചറിയുകയും ചെയ്തു. പിടിക്കപ്പെട്ട രാജാവ് മോതിരം വിഴുങ്ങി ആത്മഹത്യ ചെയ്‌തെന്നാണ് ചരിത്രം.