തൊടുപുഴ: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി കാഞ്ഞാറിന് സമീപം നിർമ്മിച്ച വാട്ടർ തീം പാർക്ക് കാട്കയറി നശിക്കുന്നു. പാർക്കിനുള്ളിൽ വെച്ച് പിടിപ്പിച്ച പൂച്ചെടികളും വൃക്ഷങ്ങളും പരിപാലിക്കാൻ ആളില്ലാതെ നാശത്തിന്റെ വക്കിലാണ്. വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനും മലങ്കര ജലാശയത്തിന്റെ ഭംഗി ആസ്വദിക്കാനും വേണ്ടിയാണ് ഇവിടം കേന്ദ്രീകരിച്ച് വഴിയോര പാർക്ക് നിർമ്മിച്ചത്. എന്നാൽ പാർക്കിനുള്ളിൽ വളർന്ന കാടും പാഴ് വൃക്ഷങ്ങളും വെട്ടിമാറ്റാനോ വൃത്തിയാക്കാനോ പിന്നീട് അധികൃതർ തയാറായില്ല.

ഇടുക്കി ഭാഗത്തേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് ഇടത്താവളമായി ഈ പാർക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നു. പാർക്കിന്റെ സുരക്ഷയ്ക്കായി റോഡരികിൽ നിർമ്മിച്ച ഇരുമ്പു വേലി പലയിടത്തും തകർന്ന നിലയിലാണ്. ഇതു വഴി കടന്നു പോകുന്ന നിരവധി വിനോദ സഞ്ചാരികൾ ബോർഡ് കണ്ട് വാഹനം നിർത്തി ഇറങ്ങി വരുമ്പോഴാണ് കാട്കയറി ഉപയോഗശൂന്യമായ നിലയിൽ പാർക്ക് കാണുന്നത്. ഇവിടയെത്തുന്ന സഞ്ചാരികൾ നിരാശയോടെ മടങ്ങുന്ന അവസ്ഥയാണ്. കാട് പിടിച്ച നിലയിലുള്ള പാർക്കിനുള്ളിലാണ് സമീപത്തുള്ളവർ വാഹനങ്ങൾ കഴുകുന്നതും. ലക്ഷങ്ങൾ മുടക്കി പണിതീർത്ത പാർക്കാണ് ഉത്തരവാദിത്വപ്പെട്ടവരുടെ അലംഭാവത്താൽ നശിക്കുന്നത്. സഞ്ചാരികൾ കൂടുതലായി എത്താത്തതിനാൽ സമീപവാസികൾ കുളിക്കാനും വാഹനങ്ങൾ കഴുകാനുമാണ് ഇപ്പോൾ പാർക്കിനെ ഉപയോഗിക്കുന്നത്. സമീപത്തുള്ളവർ നാൽക്കാലികളേയും ഇതിനുള്ളിൽ കെട്ടിയിടുന്നുണ്ട്. ഏറെ മനോഹരമായി കാത്തു സൂക്ഷിക്കേണ്ട വഴിയോര പാർക്കാണ് അധികൃതരുടെ അവഗണനയാൽ നശിക്കുന്നത്. നേരം വൈകുമ്പോൾ സമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവുമാണ്. വിനോദ സഞ്ചാരികളും പ്രദേശവാസികളും ഏറെ പ്രതീക്ഷയോടെയാണ് വാട്ടർ തീം പാർക്കിന്റെ പ്രവർത്തനത്തെ കണ്ടിരുന്നെങ്കിലും തുടർ നടപടികളില്ലാത്തതിനാൽ ലക്ഷങ്ങൾ മുടക്കിയ പദ്ധതി പാഴ് വേലയായി.

"പാർക്കിന്റെ പ്രവർത്തനങ്ങൾ നിലവിലെ അവസ്ഥ എന്നിവ സംബന്ധിച്ച് അന്വോഷിച്ച് പ്രവർത്തനം മെച്ചപ്പെടുത്തും "

രാജി ചന്ദ്രൻ

പ്രസിഡന്റ്,

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്