തൊടുപുഴ: നഗരസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് ആവശ്യപ്പെട്ടിട്ടും സംസ്ഥാന ബഡ്ജറ്റിൽ തൊടുപുഴ പട്ടണത്തിന് ലഭിച്ചത് വെറും 600 രൂപ മാത്രമാണെന്നും ഇത് തികച്ചും പ്രതിഷേധാർഹമാണെന്നും പ്രതിപക്ഷ കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, കെ. ദീപക്, എം.എം കരീം എന്നിവർ ആരോപിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിന്റെ നേതൃത്വത്തിൽ മന്ത്രി എം.എം മണി മുഖാന്തിരവും പ്രതിപക്ഷം പി.ജെ ജോസഫ് എം.എൽ.എ മുഖേനെയുമാണ് സർക്കാരിന് നിവേദനം നൽകിയത്. തൊടുപുഴയിൽ സ്റ്റേഡിയം നിർമിക്കാൻ തുക നീക്കി വയ്ക്കണമെന്ന ആവശ്യവും പാടെ നിരാകരിച്ചു. തൊടുപുഴയെ ഇത്രമാത്രം അവഗണിച്ച ഒരു ബഡ്ജറ്റ് മുമ്പുണ്ടായിട്ടില്ലെന്ന് ഇവർ പറഞ്ഞു. തൊടുപുഴയുടെ വികസനത്തിന് ഉമ്മൻചാണ്ടി സർക്കാർ അനുമതി നൽകിയ പല പദ്ധതികളും ഇടതു സർക്കാർ തടസപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്തതായും ഇവർ ആരോപിച്ചു.