നെടുങ്കണ്ടം: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഏഴ് തൊഴിലാളികൾക്ക് പരിക്ക്. ചീനിപ്പാറയിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന കല്ലുവെട്ടത്ത് സോഫി, ഞൊണ്ടിമാക്കൽ സോണിയ എന്നിവർക്കും ഒരു അന്യ സംസ്ഥാന തൊഴിലാളി സ്ത്രീക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും തോളിനും കാലിനും പരിക്കേറ്റ ഇവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് സാരമായ പരിക്കുകളില്ല. ശനിയാഴ്ച ഉച്ചയ്ക്ക് നെടുങ്കണ്ടത്തിന് സമീപം മാവടി ചീനിപ്പാറയിലാണ് സംഭവം. കാട്ടുപന്നിയുടെ ശല്യത്തെ തുടർന്ന് പൊറുമുട്ടിയ നാട്ടുകാരിൽ ആരോ പന്നിയെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ പന്നി സമീപ പ്രദേശങ്ങളിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളെയാണ് ആക്രമിച്ചത്.