തൊടുപുഴ: മഴ പെയ്താൽ നഗരത്തിലെ പല ഭാഗവും വെള്ളക്കെട്ടാവുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന്റെ ആദ്യ ഘട്ടമായി മാർക്കറ്റ് റോഡിൽ കാഞ്ഞിരമറ്റം ജംഗ്ഷനിലെ കലുങ്കിന്റെ പുനർനിർമാണം ആരംഭിച്ചു. മാലിന്യം കെട്ടി നിൽക്കാത്ത വിധം ഓടകളിൽ നിന്നെത്തുന്ന വെള്ളം സുഗമമായി ഒഴുകി പോകത്തക്ക വിധത്തിലാണ് പുതിയ കലുങ്ക് നിർമിക്കുന്നത്. നിലവിലുണ്ടായിരുന്ന കലുങ്ക് പൊളിച്ചാണ് പുതിയത് നിർമിക്കുന്നത്. നിർമാണം നടക്കുന്നതിനാൽ വാഹന ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഗതാഗതം ഒറ്റവരിയാക്കിയാണ് നിർമാണം നടത്തുന്നത്. കിഴക്കൻ മേഖലകളിലേക്കുള്ള ബസുകൾ കാഞ്ഞിരമറ്റം- മങ്ങാട്ടുകവല ബൈപ്പാസ് വഴിയാണ് ഇപ്പോൾ കടന്നു പോകുന്നത്. നേരത്തെയുണ്ടായിരുന്ന കലുങ്ക് പതിവായി അടയുന്നതു മൂലം ഇവിടം മഴ പെയ്താൽ വലിയ വെള്ലക്കെട്ടുണ്ടാകുമായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ കലുങ്ക് നിർമാണം പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. കലുങ്ക് നിർമാണത്തിനായി പി.ജെ. ജോസഫ് എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് എട്ടു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചിരുന്നില്ല. ഒരാഴ്ച മുമ്പുണ്ടായ മഴയിൽ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി നാശ നഷ്ടമുണ്ടായതിനെ തുടർന്ന് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭയും മർച്ചന്റ്‌സ് അസോസിയേഷനും ഇടപെട്ടാണ് കലുങ്ക് നിർമാണം ആരംഭിച്ചത്.
മഴ തൂളിയാൽ വെള്ളംകയറും
ചെറിയൊരു മഴ പെയ്താൽ പോലും കാഞ്ഞിരമറ്റം ജംഗ്ഷൻ ഉൾപ്പെടെ നഗരത്തിന്റെ പല മേഖലകളിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവായിരുന്നു. വ്യാപാര സ്ഥാപനങ്ങളിൽ വരെ വെള്ളം കയറി വലിയ നാശ നഷ്ടം സംഭവിക്കാറുണ്ട്. വെള്ളം കെട്ടി നിൽക്കുന്നതു മൂലം ഇവിടെ മാലിന്യം വന്നടിയുന്നതും വ്യാപാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.