waste-water
തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നു

ശാന്തമ്പാറ: ടൗണിൽ വീടിന് സമീപത്തെ തോട്ടിലേയ്ക്ക് സെപ്ടിക് ടാങ്ക് മാലിന്യവും വീട്ടുമാലിന്യവും ഒഴുക്കി വിടുന്നതായും ദുർഗന്ധം മൂലം വീട്ടിൽ കഴിയാൻ സാധിക്കുന്നില്ലെന്നും പരാതി. റിട്ട. ജില്ലാ ട്രഷറി ഓഫീസർ ശാന്തൻപാറ കണ്ണോളിൽ ഉദയനാണ് അധികൃതർക്ക് പരാതി നൽകിയിരിക്കുന്നത്. മാലിന്യത്തിൽ നിന്ന് വമിക്കുന്ന ദുർഗന്ധം മൂലം മുറ്റത്തോ വീടിനുള്ളിലോ നിൽക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. തോടിന് കുറുകെയുള്ള റോഡിലൂടെ കടന്നുപോകുന്നവർക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. നിരവധിപ്പേർ ഉപയോഗിക്കുന്ന തോട്ടിലെ വെള്ളവും ഇതോടെ മലിനമായി. ഈ വെള്ളമാണ് സമീപത്തെ കെട്ടിടങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കുളിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്ന മലിനീകരണം സംബന്ധിച്ച് വീട്ടുടമ ഗ്രാമപഞ്ചായത്തിലാണ് പരാതി നൽകിയിരിക്കുന്നത്.