ചെറുതോണി: രാത്രിയിൽ മദ്യപിച്ച് വീട്ടിൽ അതിക്രം നടത്തുന്നെന്ന പരാതിയെ തുടർന്ന് അന്വേഷിക്കാനെത്തിയ എ.എസ്.ഐയെ ഗൃഹനാഥൻ അടിച്ചുവീഴ്ത്തി. സംഭവത്തിൽ കഞ്ഞിക്കുഴി ഏഴ്കമ്പി സ്വദേശി കോട്ടയിൽ മണികണ്ഠനെതിരെ (47) ഇടുക്കി കഞ്ഞിക്കുഴി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വെള്ളിയാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. മദ്യപിച്ച് സ്വന്തം വീട്ടിലെത്തിയ മണികണ്ഠൻ അസഭ്യം പറഞ്ഞ് അക്രമം നടത്തുകയാണെന്നും സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങൾ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഇയാളുടെ ബന്ധു കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിലേയ്ക്ക് ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നു. ഇതെതുടർന്നാണ് എ.എസ്.ഐ വനിതാ പൊലീസടക്കമുള്ള സംഘം സംഭവസ്ഥലത്ത് എത്തിയത്. മണികണ്ഠനെ മുൻപരിചയമുള്ളതിനാൽ എ.എസ്.ഐ ഇയാളെ വിളിച്ച് ശാന്തനാക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി കരണത്ത് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ എ.എസ്.ഐ നിലത്ത് വീണു. അടിച്ചതിന് ശേഷം ഓടാൻ ശ്രമിച്ച മണികണ്ഠൻ സമീപത്തെ കിടങ്ങിവും വീണു. വീട്ടുകാരെത്തി ഇയാളെ എഴുന്നേൽപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അടിയേറ്റതോടെ ശരീരം തളർന്ന എ.എസ്.ഐയെ പൊലീസുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. അതേസമയം പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് മണികണ്ഠൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. മണികണ്ഠന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും എ.എസ്.ഐ പറഞ്ഞു.