aaladi
കുടിവെള്ള വിതരണം നിലച്ച ആലടിക്കുന്ന് കുടിവെള്ള പദ്ധതി

ഉപ്പുതറ: ആലടിക്കുന്ന്, ആറേക്കർ പാറഭാഗം പ്രദേശങ്ങളിലെ 72 കുടുബങ്ങൾക്ക് കുടിവെള്ളം കിട്ടാതായിട്ട് പത്ത് ദിവസങ്ങൾ. മോട്ടോറും പാനൽ ബോർഡും കത്തി നശിച്ചതോടെയാണ് ആലടിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ശുദ്ധജല വിതരണം മുടങ്ങിയത്. വയറിംഗ് നടത്തിയാലും ഏതാനും ദിവസം കഴിയുമ്പോൾ വീണ്ടും തകരാറിലാകും. ഒരു വയറിങ്ങിന് 30,000 രൂപ ചെലവുണ്ടാകും. അതുകൊണ്ട് പുതിയ മോട്ടോർ വാങ്ങിയെങ്കിൽ മാത്രമേ ജലവിതരണം പുനഃരാരംഭിക്കാൻ കഴിയൂ. ഇതിന് ഓരോ കുടുംബങ്ങളും 1300 രൂപ വിഹിതം നൽകണം. ഇത്രയും തുക വിഹിതമായി നൽകാൻ പ്രപ്തിയുള്ളവരല്ല ഭൂരിഭാഗം ഗുണഭോക്താക്കളും. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഗുണഭോക്താക്കൾക്ക് ഇടയിൽ അഭിപ്രായ ഭിന്നതയുമുണ്ട്. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന ഈ പ്രദേശത്ത് നെതർലാന്റ് സർക്കാരിന്റെ സഹായത്തോടെ 2004 ലാണ് ലക്ഷങ്ങൾ ചെലവഴിച്ച് കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചത്. ആലടി ടൗണിന് സമീപം പെരിയാറിന്റെ തീരത്ത് കുളവും പമ്പുഹൗസും നിർമിച്ച് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ടാങ്കിൽ വെള്ളം ശേഖരിച്ചാണ് ജലവിതരണം നടത്തിയിരുന്നത്. ജല വിതരണം തടസപ്പെട്ടതോടെ കുന്നിറങ്ങി താഴ്വാരത്തിലെത്തി തലച്ചുമടായാണ് ഇപ്പോൾ കുടിവെള്ളം ശേഖരിക്കുന്നത്.