നെടുങ്കണ്ടം: ഗ്രാമപഞ്ചായത്തും ബ്ലോക്കുപഞ്ചായത്തും ചേർന്ന് തൂക്കുപാലം ബസ് സ്റ്റാൻഡിൽ നിർമിച്ച ടൂറിസം അമിനിറ്റി സെന്റർ ആഘോഷപൂർവം ഉദ്ഘാടനം ചെയ്ത് ഒരുവർഷം കഴിഞ്ഞെങ്കിലും ഇതുവരെ പ്രവർത്തനം ആരംഭിച്ചില്ല. വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമെട്ടിലേക്ക് പോകുന്നവർക്ക് വിശ്രമിക്കുന്നതിനാണ് ഒരുകോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടുകൂടി അമിനിറ്റി സെന്റർ നിർമിച്ചത്. കഴിഞ്ഞ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ വികസനകാര്യ ചെയർമാനായിരിക്കെ അന്തരിച്ച കെ.ആർ. സുകുമാരൻ നായരുടെ സ്മാരക മന്ദിരമായി അനിമിറ്റി സെന്ററിനെ മാറ്റിയിരുന്നു. തൂക്കുപാലത്ത് ടൂറിസ്റ്റുകളുടെ ഇടത്താവളമൊരുക്കുന്നതിനു പദ്ധതി ആവിഷ്‌കരിച്ചതും യാഥാർഥ്യമാക്കുന്നതിന് മുൻകൈ എടുത്തതും കെ.ആർ. സുകുമാരൻ നായരായിരുന്നു. ഉദ്ഘാടനം കഴിഞ്ഞിട്ടും അമിനിറ്റി സെന്റർ നടത്തിപ്പിനായി ലേലം ചെയ്തു നൽകാൻ പഞ്ചായത്ത് തയാറായിട്ടില്ല. നിലവിൽ ഈ കെട്ടിടം ഉപയോഗിക്കുന്നത് സ്വകാര്യ കരാറുകാരന്റെ ജോലിക്കാരായ അന്യ സംസ്ഥാന തൊഴിലാളികളാണ്. ജില്ലയിലെ ടൂറിസം മേഖല സജീവമായ സാഹചര്യത്തിൽ അനിമിറ്റി സെന്റർ തുറക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സെന്റർ തുറക്കുന്നതിന് പുതിയ ഭരണസമിതി നടപടിയെടുക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
'അമിനിറ്റി സെന്ററിന്റെ പണികൾ പൂർത്തിയാകാത്തതിനാലാണ് സഞ്ചാരികൾക്ക് തുറന്നുനൽകാത്തത്. ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ടാണ് ഉദ്ഘാടനം നേരത്തെ നടത്തിയത്. കൂടാതെ ഉദ്ഘാടത്തിനുശേഷം കൊവിഡ് പ്രതിസന്ധിമൂലം ടൂറിസം മേഖല നിശ്ചലമായിരുന്നു. കരാറുകാരന് ബില്ല് നൽകിയ ശേഷം സെന്റർ ഉടൻതന്നെ ലേലം ചെയ്ത് നൽകും."
-എ.വി. അജികുമാർ (ഗ്രാമപഞ്ചായത്ത് സെക്രട്ടറി)