ചീനിക്കുഴി: ഉടുമ്പന്നൂർ ചീനിക്കുഴി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് താഴ്‌വാരം റസിഡന്റ്‌സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പരിയാരം വഴിയുള്ള റോഡിന്റെ നിർമാണത്തിനായി ഒരു വർഷം മുമ്പ് ഇറക്കിയിട്ട നിർമാണ സാമഗ്രികൾ അവിടെ നിന്നും നീക്കം ചെയ്തു. റോഡ് നിർമാണം വൈകിപ്പിച്ച് എസ്റ്റിമേറ്റ് പുതുക്കി റീ ടെണ്ടർ ചെയ്യാനുള്ള നീക്കമാണിതെന്ന് യോഗം ആരോപിച്ചു. ഉടുമ്പന്നൂരിൽ നിന്നും മഞ്ചിക്കൽ വരെ റോഡ് ഭാഗികമായി നിർമാണം നടത്തിയെങ്കിലും അവിടെ മുതൽ ഗതാഗത യോഗ്യമല്ലാതായി കിടക്കുകയാണ്. റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകും. പ്രസിഡന്റ് എം.ആർ. പുഷ്പൻ അദ്ധ്യക്ഷത വഹിച്ചു. ജിനോ തോമസ്, ജോർജ് കൊച്ചുകുടിയിൽ, ബിനോയി തോമസ്,അരുൺ സെബി, കെ.വി. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.