മറയർ: കീഴാന്തൂരിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വില്ലേജ് ആഫീസ് കെട്ടിടം മഴയിൽ ചോർന്നൊലിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് പി.ഡബ്ല്യു.ഡി വിഭാഗത്തിനായി പണികഴിപ്പിച്ച പഴയ കെട്ടിടത്തിലാണ് കീഴാന്തൂർ വില്ലേജ് ആഫീസ് പ്രവർത്തിക്കുന്നത്. കരിങ്കല്ലുകൊണ്ടുള്ള കെട്ടിടത്തിന്റെ തകരഷീറ്റുകൊണ്ടുള്ള മേൽക്കൂരയാണ് ചോർന്നൊലിക്കുന്നത്. ഇതുമൂലും ജീവനക്കാരും ആവശ്യങ്ങൾക്കായി എത്തുന്ന നാട്ടുകാരും ദുരിതമനുഭവിക്കുകയാണ്. അകത്ത് തടികൊണ്ട് നിർമിച്ചിരിക്കുന്ന മച്ചും ദ്രവിച്ചു തകർന്ന നിലയിലാണ്. ഏതുസമയവും മച്ച് നിലംപതിക്കാമെന്ന പേടിയിൽ ഈ മുറിയിൽ ജോലിചെയ്തിരുന്ന ജീവനക്കാർ ഫയലുകളുമായി അടുത്ത മുറിയിലേക്ക് മാറി. ഭിത്തികളിലും മച്ചിലും വെള്ളം കെട്ടിനിന്ന് കെട്ടിടത്തിനു ബലക്ഷയവും സംഭവിച്ചിട്ടുണ്ട്.